LiveTV

Live

National

ജനം പ്രതീക്ഷിക്കുന്ന ബജറ്റാകും ഇത്തവണത്തേതെന്ന് ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂർ

ആത്മനിര്‍ഭര്‍ ഭാരതാണ് ബജറ്റിന്‍റെ ലക്ഷ്യം

ജനം പ്രതീക്ഷിക്കുന്ന ബജറ്റാകും ഇത്തവണത്തേതെന്ന് ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂർ

കേന്ദ്ര ബജറ്റില്‍ രാജ്യത്തിന്‍റെ പ്രതീക്ഷകള്‍ നിറവേറ്റുമെന്ന് ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. ആത്മനിര്‍ഭര്‍ ഭാരതാണ് ബജറ്റിന്‍റെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്‍റെ മുദ്രാവാക്യമായ സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നത് രാജ്യത്തിന് പുതിയ ദിശാബോധമാണ് നല്‍കിയത്. കോവിഡ് മഹാമാരിയില്‍ നിന്നും സംരക്ഷിക്കുന്നതിനും, രാജ്യത്തിന്‍റെ സമ്പദ്ഘടനയെ പൂര്‍വസ്ഥിതിയിലാക്കുന്നതിനും ബജറ്റില്‍ ഊന്നല്‍ നല്‍കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

ധനമന്ത്രി നിർമലാ സീതാരാമൻ രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികൾക്കാകും ഊന്നൽ. നികുതി ഘടനയിൽ മാറ്റവും സാമ്പത്തിക പുനരുജ്ജീവനവും പ്രതീക്ഷിക്കുന്നുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.

രാവിലെ തന്നെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും കേന്ദ്ര ധനമന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ധനമന്ത്രി രാഷ്ട്രപതി ഭവനിലേക്ക് പോയി. ബജറ്റ് അവതരണത്തിന് അനുമതി തേടിയാണ് ധനമന്ത്രി രാഷ്ട്രപതിയെ കാണുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 10.15 ന് കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്ന് ബജറ്റിന് അംഗീകാരം നല്‍കും.

ഇത്തവണത്തേത് പേപ്പർരഹിത ബജറ്റാണ്. ഇതിനിടെ കർഷക പ്രതിഷേധം പ്രതിപക്ഷം ഉയർത്തുമെങ്കിലും ബജറ്റ് അവതരണത്തെ തടസപ്പെടുത്തിയേക്കില്ല. കോവിഡ് അതിജീവനത്തിന് കരുത്തു പകരുന്നതാകും ഇത്തവണത്തെ ബജറ്റെന്നാണ് വിലയിരുത്തലുകള്‍. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളും, മാറ്റങ്ങളും ഉണ്ടാകുമെന്ന് സാമ്പത്തിക സർവേ സൂചന നല്കിയിട്ടുണ്ട്. നികുതി ഘടനയിൽ മാറ്റമാണ് ആകാംക്ഷജനകം. കോർപ്പറേറ്റ് നികുതിയിൽ കാര്യമായ ഇടപെടൽ ഉണ്ടായേക്കില്ല, നിക്ഷേപ സൗഹൃദ പദ്ധതികൾക്ക് ഊന്നൽ നൽകിയേക്കും. നിക്ഷേപ സമാഹരണം നിർണായക ഘടകമാകും.

പൊതുമേഖലാ ഓഹരികൾ വിറ്റ് അടിസ്ഥാന സൗകര്യത്തിനു കൂടുതൽ പണം കണ്ടെത്തുകയാണ് ലക്ഷ്യം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ വർധിച്ചേക്കും. ആരോഗ്യം, നിർമ്മാണം, റിയൽ എസ്റ്റേറ്റ്, വിനോദ സഞ്ചാരം, യാത്ര സംവിധാനങ്ങൾ എന്നീ മേഖലകള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായേക്കാം.

പ്രവാസികൾക്ക് ഗുണകരമാകുന്ന പദ്ധതികൾ, നികുതി നിർദേശങ്ങൾ എന്നിവയും മുന്നോട്ട് വെക്കും. കർഷക പ്രതിഷേധം ശമിപ്പിക്കാനുള്ള നീക്കങ്ങളും ഉണ്ടാകും. 2022ഓടു കൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി ഉള്ള പദ്ധതികൾക്കാകും പ്രാമുഖ്യം.