പേപ്പർ രഹിത ബജറ്റ്; ചുവന്ന പട്ടില്‍ പൊതിഞ്ഞ ടാബുമായി ധനമന്ത്രി
ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത പേപ്പറില്ലാതെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് അവതരിപ്പിക്കുന്നത് രാജ്യത്തെ ആദ്യ പേപ്പര്‍ രഹിത ബജറ്റ്. ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത പേപ്പറില്ലാതെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സോഫ്റ്റ് കോപ്പിയായാണ് ഇത്തവണ ബജറ്റ് വിതരണം ചെയ്യുന്നത്. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ ബജറ്റ് വിതരണം ഡിജിറ്റലാക്കിയത്.
ചുവന്ന പട്ടില്‍ പൊതിഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി ഇത്തവണ ബജറ്റ് അവതരണത്തിന് എത്തുന്നത്. ബജറ്റ് കടലാസുരഹിതമാക്കി കൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ബജറ്റ് ഡിജിറ്റലാക്കി, ബജറ്റവതരണത്തിന് ടാബുമായി ധനമന്ത്രി ലോക്സഭയിലേക്ക് എത്തുന്നത്.
കഴിഞ്ഞ തവണയും നിര്‍മലാ സീതാരാമന്റെ ബജറ്റവതരണം വ്യത്യസ്തമായിരുന്നു. പരമ്പരാഗതമായ രീതിയായ ബ്രീഫ്കേസിന് പകരം ബജറ്റ് രേഖകള്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞായിരുന്നു കഴിഞ്ഞ വര്‍ഷം ധനമന്ത്രി ബജറ്റവതരണത്തിന് എത്തിയത്.
രാവിലെ തന്നെ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പം നിര്‍മ്മല സീതാരാമന് ബജറ്റവതരണത്തിനായി ധനമന്ത്രായത്തിലെത്തിയിട്ടുണ്ട്. 11 മണിക്കാണ് ബജറ്റ്.