LiveTV

Live

National

"വസ്തുതകളെ ഭയക്കുന്നവർ സത്യസന്ധരായ മാധ്യമപ്രവർത്തകരെയും ഭയക്കുന്നു"; വീണ്ടും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

സിംഘു അതിർത്തിയിൽ നിന്നും രണ്ട് മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"വസ്തുതകളെ ഭയക്കുന്നവർ സത്യസന്ധരായ മാധ്യമപ്രവർത്തകരെയും ഭയക്കുന്നു"; വീണ്ടും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

വസ്തുതകളെ ഭയക്കുന്നതുകൊണ്ടാണ് കേന്ദ്രസർക്കാർ സത്യസന്ധരായ പത്രപ്രവർത്തകർക്കും എഴുത്തുകാർക്കുമെതിരെ തിരിയുന്നത് എന്ന് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. കർഷക സമരം നടക്കുന്ന സിംഘു അതിർത്തിയിൽ നിന്നും രണ്ട് മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവർത്തകരായ മന്ദീപ് പൂനിയ, ധർമേന്ദർ സിങ് എന്നിവരെയാണ് ജനുവരി 31ന് ഡൽഹി പൊലീസ് മർദ്ദിച്ച് കസ്റ്റഡിയിലെടുത്തത്. സ്വതന്ത്ര മാധ്യമപ്രവർത്തകനായ മന്ദീപ് പൂനിയ 'കാരവന്' വേണ്ടിയും ഹിന്ദി ഓൺലൈൻ മാധ്യമമായ 'ജുൻപതിന്' വേണ്ടിയും ജോലി ചെയ്യുകയാണ്. ധർമേന്ദർ സിംഗ് 'ഓൺലൈൻ ന്യൂസ് ഇന്ത്യ'യിലെ ജേർണലിസ്റ്റ് ആണ്.

സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്. "വസ്തുതകളെ ഭയക്കുന്നവർ സത്യസന്ധരായ പത്രപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നു". സിംഘു അതിർത്തിയിൽ പോലീസ് പുനിയയെ മർദിച്ച് അറസ്റ്റ് ചെയ്യുന്ന വിഡിയോയും അദ്ദേഹം ട്വീറ്റിനോടൊപ്പം പങ്കുവെച്ചു.

കർഷകരുടെ ശബ്ദത്തെ ചവിട്ടിമെതിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. "കർഷകരുടെ ശബ്ദത്തെ ചവിട്ടിമെതിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ അവർ ഒരു കാര്യം മറക്കുന്നു. നിങ്ങൾ കൂടുതൽ അടിച്ചമർത്തും തോറും നിങ്ങൾക്കെതിരെയുള്ള അവരുടെ പ്രതിഷേധത്തിന്റെ ശബ്ദം കൂടുകയേ ഉള്ളൂ." പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു