'സൈന്യത്തിനെതിരായ വാര്‍ത്ത'; കശ്മീരിലെ രണ്ട് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്
ജമ്മു കശ്മീര്‍ പൊലീസാണ് കശ്മീരിലെ ദി കശ്മീര്‍ വല്ല, ദി കശ്മീരിയത്ത് എന്നീ രണ്ട് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ നടപടിയെടുത്തത്

റിപ്പബ്ലിക്ക് ദിന പരിപാടി നടത്താന്‍ സൈന്യം ഒരു മാസമായി നിര്‍ബന്ധിക്കുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് കശ്മീരിലെ രണ്ട് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ജമ്മു കശ്മീര്‍ പൊലീസാണ് കശ്മീരിലെ ദി കശ്മീര്‍ വല്ല, ദി കശ്മീരിയത്ത് എന്നീ രണ്ട് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ നടപടിയെടുത്തത്.
റിപ്പബ്ലിക്ക് ദിനമായ ജനുവരി 26ന് ഷോപ്പിയാനിലെ സ്ക്കൂളില്‍ പരിപാടി നടത്താന്‍ സൈന്യം നിര്‍ബന്ധിക്കുന്നതായി സ്ക്കൂളിന്റെ ചെയര്മാന് മുഹമ്മദ് യുസുഫ് മാന്റുവിനെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരുന്നു. ഇരു പോര്‍ട്ടലുകളും നല്കിയ വാര്‍ത്ത വ്യാജമാണെന്നും അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി സ്ക്കൂള് പ്രിന്‍സിപ്പാളിന്റെ കത്ത് സൈന്യം പുറത്തുവിടുകയും ചെയ്തു. സൈന്യവും വാര്‍ത്ത നിഷേധിച്ചിരുന്നു. സൈന്യം ഒരു വിധത്തിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന പ്രിന്‍സിപ്പളിന്റെ കത്ത്, സൈന്യത്തിന്റെ പരാതി എന്നിവയുടെ അടിസ്ഥാനത്തില്‍ രണ്ട് പോര്‍ട്ടലുകള്‍ക്കെതിരെയും പൊലീസ് നടപടിയെടുക്കുകയായിരുന്നു.
ഐ.പി.സി സെക്ഷന്‍ 153 കലാപാഹ്വാനം, സെക്ഷന്‍ 505 പൊതു കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന പ്രസ്താവനകൾ എന്നിവ പ്രകാരമാണ് പൊലീസ് രണ്ട് പോര്‍ട്ടലുകള്‍ക്കെതിരെയും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതെ സമയം തങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നതായി ദി കശ്മീര്‍ വല്ല എഡിറ്റര്‍ ഇന്‍ ചീഫ് ഫഹദ് ഷായും ദി കശ്മീരിയത്ത് എഡിറ്റര്‍ സല്മാന് ഷായും അറിയിച്ചു.
റിപ്പബ്ലിക്ക് ദിനമായ ജനുവരി 26ന് ശേഷം രാജ്യത്ത് വിവിധ കേസുകളിലായി ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.