LiveTV

Live

National

ജനാധിപത്യത്തില്‍ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക്? മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെതിരെ ബജ്റങ് പുനിയ

'അർണബിനായി അടിയന്തര വാദം കേട്ട സുപ്രീംകോടതി ഇപ്പോൾ മൻദീപ് പുനിയയെ അറസ്റ്റ് ചെയ്തതിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്?'

ജനാധിപത്യത്തില്‍ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക്? മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെതിരെ ബജ്റങ് പുനിയ

കര്‍ഷക സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി ഗുസ്തിതാരം ബജ്റങ് പുനിയ. രാജ്യം ജനാധിപത്യത്തില്‍ നിന്ന് സ്വേച്ഛാധിപത്യത്തിലേക്കാണോ എന്നാണ് ബജ്റങിന്‍റെ ചോദ്യം.

അർണബിനായി അടിയന്തര വാദം കേട്ട അതേ സുപ്രീംകോടതി ഇപ്പോൾ മൻദീപ് പുനിയയെ അറസ്റ്റ് ചെയ്തതിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? മാധ്യമപ്രവർത്തകരുടെ ശബ്ദം ഇതുപോലെ നിശബ്ദമാക്കരുത്. ഇത് ജനാധിപത്യത്തില്‍ ശരിയല്ല. എന്തുകൊണ്ടാണ് ജനാധിപത്യത്തെ സ്വേച്ഛാധിപത്യമായി മാറ്റുന്നത്? കർഷകന്‍റെ ശബ്ദം കേൾക്കുക, അതിനെ അടിച്ചമർത്തരുത്
ബജ്റങ് പുനിയ

ദ കാരവന്‍ മാഗസിന് വേണ്ടി കര്‍ഷക സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ മന്‍ദീപ് പുനിയയെ അറസ്റ്റ് ചെയ്തത്. സിങ്കു ബോര്‍ഡറില്‍ വെച്ചായിരുന്നു സംഭവം. പൊലീസുകാരനോട് മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഹിന്ദി ഓണ്‍ലൈന്‍ മാധ്യമമായ ജുന്‍പതിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന ധര്‍മേന്ദര്‍ സിങിനെയും കസ്റ്റഡിയിലെടുത്തിരുന്നു. ധര്‍മേന്ദര്‍ സിങിനെ പിന്നീട് വിട്ടയച്ചു. ബാരിക്കേഡുകള്‍ക്കിടയിലൂടെ പോകുമ്പോള്‍ മന്‍ദീപിനെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിന്‍റെ ദൃശ്യം പുറത്തുവന്നു.

സിങ്കുവില്‍ കര്‍ഷകര്‍ക്ക് നേരെ ഒരു സംഘം നടത്തിയ ആക്രമണം, കസ്റ്റഡിയിലെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മന്‍ദീപ് ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരിച്ചിരുന്നു. പ്രദേശവാസികളെന്ന വ്യാജേന എങ്ങനെയാണ് ഒരു കൂട്ടര്‍ പൊലീസുണ്ടായിരുന്ന സ്ഥലത്ത് ആക്രമണം നടത്തിയതെന്നാണ് മന്‍ദീപ് ലൈവില്‍ ചോദിച്ചത്. മന്‍ദീപിനെ മോചിപ്പിക്കണമെന്ന് കര്‍ഷക നേതാക്കളും മാധ്യമപ്രവര്‍ത്തകരും ആവശ്യപ്പെട്ടു. സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തതിങ്ങനെ-

മന്‍ദീപ് ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമുള്ള പത്രപ്രവർത്തകനാണ്. ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ പോലെ ഒരാളെ കസ്റ്റഡിയില്‍ എടുക്കുന്നത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് ഭീഷണിയാണ്.

ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ മന്‍ദീപിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒരാള്‍ക്ക് എങ്ങനെ അന്‍പതിലധികം പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്താനും ആക്രമിക്കാനും കഴിയുകയെന്നാണ് മന്‍ദീപിന്‍റെ ഭാര്യയുടെ ചോദ്യം.