LiveTV

Live

National

സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചു; ഉച്ചഭാഷിണികൾ വിട്ടു കൊടുത്ത് പള്ളികളും ക്ഷേത്രങ്ങളും

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ വഴിയാണ് കർഷകർ ഇപ്പോൾ പ്രധാനമായും ആശയവിനിമയം നടത്തുന്നത്

സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചു; ഉച്ചഭാഷിണികൾ വിട്ടു കൊടുത്ത് പള്ളികളും ക്ഷേത്രങ്ങളും

ന്യൂഡൽഹി: ഇന്റർനെറ്റ് വിച്ഛേദിച്ച സർക്കാർ നടപടിയെ അസാധാരണ ഇച്ഛാശക്തിയോടെ മറികടന്ന് കർഷകർ. കർഷകർക്ക് ആശയവിനിമയം നടത്തുന്നതിനായി ഹരിയാനയിലും ഡൽഹിയിലും നാട്ടുകാർ ആരാധനാലയങ്ങൾ തുറന്നു നൽകി. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ വഴിയാണ് കർഷകർ ഇപ്പോൾ പ്രധാനമായും ആശയവിനിമയം നടത്തുന്നത്.

ക്ഷേത്രങ്ങൾ, മുസ്‌ലിം പള്ളികൾ, സിഖ് ഗുരുദ്വാരകൾ എന്നിവയെല്ലാം കർഷകർക്കായി വാതിൽ തുറന്നിട്ടുണ്ട്. വളണ്ടിയർമാർ ഇവിടെ നിന്ന് നൽകുന്ന സന്ദേശങ്ങൾ പ്രകാരമാണ് അതിർത്തികളിലേക്ക് കർഷകര്‍ സംഘങ്ങളായി പുറപ്പെടുന്നത്.

യുപി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് നൂറു കണക്കിന് വാഹനങ്ങളാണ് സമരത്തിൽ പങ്കെടുക്കാനായി ഡൽഹി അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഘാസിപ്പൂരിലെ സമരകേന്ദ്രം ഒഴിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിന് പിന്നാലെയാണ് കർഷകർ കൂട്ടത്തോടെ ഇവിടേക്ക് വന്നു കൊണ്ടിരിക്കുന്നത്.

പിൻവാങ്ങില്ലെന്നും സമരം ശക്തമായി തുടരുമെന്നും കർഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് പ്രഖ്യാപിച്ചിരുന്നു. മാധ്യമങ്ങളെ കാണവെ വിതുമ്പിയ രാകേഷിന്റെ വാക്കുകൾ കർഷകർക്കിടയിൽ പുതിയ ഊർജമാണ് നിറച്ചിട്ടുള്ളത്.

സമരം ശക്തമായ ഹരിയാനയിലെ 17 ജില്ലകളിൽ നിലവിൽ ഇന്റർനെറ്റ് സേവനമില്ല. ഡൽഹിയിലെ സിംഗു, ഘാസിപ്പൂർ, തിക്രി എന്നിവിടങ്ങളിലും സേവനം നിർത്തിവച്ചിട്ടുണ്ട്. ഹരിയാന അംബാല, യമുനനഗർ, കുരുക്ഷേത്ര, കർണാൽ, കൈതാൽ, പാനിപ്പത്ത്, ഹിസാർ, ജിന്ദ്, രോഹ്ടക്, ഭിവാനി, ഛർകി ദാദ്രി, ഫത്‌ഹെബാദ്, റെവാരി, സിർസ, സോണിപത്ത്, ഝാജ്ജർ, പൽവാൽ എന്നീ ജില്ലകളിലാണ് നിയന്ത്രണം.

മൊബൈൽ റീച്ചാർജ്, ബാങ്കിങ് ഒഴികെയുള്ള എസ്എംഎസ് സേവനങ്ങളും നിർത്തലാക്കിയിട്ടുണ്ട്.

പരിശോധിക്കാന്‍ സമിതി

അതിനിടെ, കാർഷിക നിയമം പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ ഉന്നത സമിതിക്ക് രൂപം നൽകി. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമറാണ് സമിതി അധ്യക്ഷൻ. മിനിമം താങ്ങുവില അടക്കമുള്ള പ്രശ്‌നങ്ങൾ സമിതി പരിശോധിക്കും.

നിയമം ഒരു വർഷത്തേക്ക് മരവിപ്പിക്കാൻ സർക്കാർ ഒരുക്കമാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. വിഷയം ചർച്ച ചെയ്യാൻ ചേർന്ന സർവകക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

കർഷകരുടെ ഏതു വിഷയവും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. ഇക്കാര്യത്തിൽ തുറന്ന സമീപനമാണ് സർക്കാരിനുള്ളത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ കർഷകരോട് പറഞ്ഞതുതന്നെയാണ് തനിക്ക് ആവർത്തിക്കാനുള്ളത്. സമവായത്തിലെത്തിയിട്ടില്ലെങ്കിലും കർഷകർ ആലോചിച്ച് ഒരു തീരുമാനത്തിലെത്തണം. ഏതു സമയത്തും കർഷകർക്ക് സർക്കാരിനെ സമീപിക്കാം- പ്രധാനമന്ത്രി വ്യക്തമാക്കി.