LiveTV

Live

National

''ബി.ജെ.പിയുടെ ബി ടീം അല്ല, പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടി''; കോൺഗ്രസിന് ഉവൈസിയുടെ മറുപടി

''ബി.ജെ.പിക്കാർ ഒരു വശത്ത് ഗാന്ധിക്ക് ആദരാഞ്ജലി അർപിക്കുന്നു, മറുവശത്ത് അവർ ഗാന്ധിയെ വധിച്ച ഗോഡ്‌സെയെ ആരാധിക്കുന്നു'', ഉവൈസി

''ബി.ജെ.പിയുടെ ബി ടീം അല്ല,  പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടി''; കോൺഗ്രസിന് ഉവൈസിയുടെ മറുപടി

ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ ബി.ജെ.പിയുടെ ബി ടീമാണെന്ന കോൺഗ്രസിന്റെ വാദത്തിന് ഉവൈസിയുടെ മറുപടി. എ.ഐ.എം.ഐ.എം പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്നും, ബി.ജെ.പിയുടെ ബി ടീം ആയിട്ടല്ലായെന്നും ഉവൈസി പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു ഉവൈസിയുടെ പാർട്ടി.

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എ.ഐ.എം.ഐ.എം തയ്യാറെടുക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ്, ബി.ജെ.പിയുടെ ബി ടീം ആണ് ഉവൈസിയുടെ പാർട്ടി എന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും സമാനമായ രീതിയിലുള്ള പരാമർശങ്ങൾ പലതവണയായി നടത്തുകയുണ്ടായി. ഇത് ചൂണ്ടിക്കാട്ടിയാണ് ''തങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന്'' ഉവൈസി പറഞ്ഞത്.

കർണാടകയിലെ കൽബർഗി ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന ഉവൈസി ബി.ജെ.പിക്കെതിരെയും ആഞ്ഞടിച്ചു. ''അവർക്ക് ഗാന്ധിയിലോ, അംബേദ്കറിലോ, സുബാഷ് ചന്ദ്രബോസിലോ ഒന്നും വിശ്വാസമില്ല. അവർ ഗോഡ്‌സെയെ പിന്തുടരുന്നവരാണ്. ഒരു വശത്ത് അവർ ഗാന്ധിക്ക് ആദരാഞ്ജലി അർപിക്കുന്നു , മറുവശത്ത് അവർ ഗാന്ധിയെ വധിച്ച ഗോഡ്‌സെയെ ആരാധിക്കുന്നു" ഉവൈസി പറഞ്ഞു.