LiveTV

Live

National

റിപ്പബ്ലിക്ക് ദിന സംഘർഷം; കേന്ദ്രം കർഷകർക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് കപിൽ സിബൽ

യാതൊരു തടസ്സങ്ങളും നേരിടാതെ റിപ്പബ്ലിക്ക് ദിനത്തിൽ ചെങ്കോട്ടയിലേക്ക് കർഷകർക്ക് കടക്കാനായതിനെ ചോദ്യം ചെയ്ത് കപിൽ സിബൽ.

റിപ്പബ്ലിക്ക് ദിന സംഘർഷം; കേന്ദ്രം കർഷകർക്കെതിരെ  ഗൂഢാലോചന നടത്തുന്നുവെന്ന് കപിൽ സിബൽ

യാതൊരു തടസ്സങ്ങളും നേരിടാതെ റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർക്ക് ചെങ്കോട്ടയിലേക്ക് കടക്കാനായതിനെ ചോദ്യം ചെയ്ത്, രാഹുൽ ഗാന്ധിക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലും. സുപ്രധാനമായ ഒരു ദിനത്തിൽ, പ്രതിഷേധവുമായി കർഷകർ ചെങ്കോട്ടയിലേക്ക് പ്രവേശിക്കുന്നത് പോലീസിന്റെ സാന്നിധ്യത്തിലാണ്. ഇതിനു പിന്നിൽ സമരത്തെ വഴിതിരിച്ച് വിടാനുള്ള കേന്ദ്രത്തിന്റെ ശക്തമായ ഗൂഢാലോചനയുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ കൂടിയായ കപിൽ സിബൽ ആരോപിച്ചു.

"അനുവാദമില്ലാതെ ചെങ്കോട്ടയുടെ പ്രദേശത്തേക്ക് ആർക്കും എത്തിപ്പെടാൻ സാധ്യമല്ല. അവർ നേരെ ചെങ്കോട്ടയിലേക്ക് പോവുകയായിരുന്നു. ആരും തടഞ്ഞില്ലെന്നാണ് അവർ പറയുന്നത്. കർഷക സമരത്തെ വഴിതിരിച്ച് വിടാനുള്ള പല ഗൂഢാലോചനകളും നടക്കുന്നുണ്ട്." കപിൽ സിബൽ പറഞ്ഞു.

കർഷകരെ ചെങ്കോട്ടയിലേക്ക് കടത്തി വിട്ടത്, സർക്കാരിന്റെ പിഴവാണ് എന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വിവാദമായ കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. "ആദ്യത്തെ നിയമം മണ്ഡി വ്യവസ്ഥയെ നശിപ്പിക്കും. രണ്ടാമത്തെ നിയമം കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് മുകളിലുള്ള അടിസ്ഥാന അവകാശത്തെ പോലും ഹനിക്കുന്നു. മൂന്നാമത്തെ നിയമം കർഷകർക്ക് പരാതികളുമായി കോടതിയെ സമീപിക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.'' രാഹുൽ ഗാന്ധി പറഞ്ഞു.