'സ്വാതന്ത്ര്യ സമര നേതാക്കൾ ജയിലിൽ' - വൈറലായി ശശി തരൂരിന്റെ ട്വീറ്റ്
അംബേദ്ക്കർ, മഹാത്മാ ഗാന്ധി, മൗലാനാ ആസാദ്, സരോജിനി നായിഡു, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്ര ബോസ് എന്നിവർ അഴികൾക്കുള്ളിൽ നിൽക്കുന്നതാണ് ചിത്രീകരണത്തിലുള്ളത്

ഗാന്ധിവധ ദിനത്തിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ഇന്നത്തെ അവസ്ഥ എന്തായിരിക്കുമെന്ന് ചിത്രീകരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ. താനറിയാത്ത ആരോ ഒരാൾ തനിക്ക് അയച്ച ചിത്രം പങ്കുവെക്കുന്നു എന്ന് പറഞ്ഞാണ് ശശി തരൂർ ട്വീറ്റ് ചെയ്തത്.
ഇന്നത്തെ ഇന്ത്യൻ ഭരണത്തിൽ നാം സ്വാതന്ത്ര്യ സമരകാലത്ത് അനുഭവിച്ച ആവിഷ്കാര സ്വാതന്ത്ര്യമൊക്കെ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. അംബേദ്ക്കർ, മഹാത്മാ ഗാന്ധി, മൗലാനാ ആസാദ്, സരോജിനി നായിഡു, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്ര ബോസ് എന്നിവർ അഴികൾക്കുള്ളിൽ നിൽക്കുന്നതാണ് ചിത്രീകരണത്തിലുള്ളത്.
ബാബ സാഹേബ് അംബേദ്ക്കർ ഹിന്ദു ആചാരങ്ങളെ ചോദ്യം ചെയ്തതിനു മതവികാരം വൃണപ്പെടുത്തി എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ മഹാത്മാ ഗാന്ധി കോടതിയലക്ഷ്യത്തിന് വിചാരണ നേരിടുകയാണ്. മത ദേശീയതയെ എതിർത്തതിനു സമൂഹത്തിൽ ശത്രുത വളർത്തുന്നു എന്ന പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും സരോജിനി നായിഡു വിപ്ലവകരമായ കവിത എഴുതിയതിനു ഭീകരവാദ കേസിൽ യു.എ.പി.എ ചാർത്തപ്പെട്ട വിചാരണ തടവിലാണ്.
ഭഗത് സിംഗ് കരണങ്ങളൊന്നുമില്ലാതെ ദേശ സുരക്ഷാ നിയമപ്രകാരം തടങ്കലിലും മോശം നിയമങ്ങൾക്കെതിരെ പ്രതികരിച്ചതിന് രാജ്യ ദ്രോഹക്കുറ്റം ചാര്ത്തപ്പെട്ട സുഭാഷ് ചന്ദ്ര ബോസ് ജാമ്യം നിഷേധിക്കപ്പെട്ട് തടങ്കലിലും ആണ്. ഈ ആറുനേതാക്കൾ ഇന്ന് ജീവിച്ചിരുന്നെങ്കിൽ എങ്ങനെയാകുമെന്നതാണു ചിത്രീകരണം.