ബി.ജെ.പി ജനാധിപത്യത്തിന്റെ അന്തസിനെ പിച്ചിചീന്തിയെന്ന് പ്രിയങ്ക
ഭയത്തിന്റെ അന്തരീക്ഷം ജനാധിപത്യത്തിൽ വിഷംപോലെയാണ്

ശശി തരൂർ എം.പിക്കും മാധ്യമപ്രവർത്തകർക്കും എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിനെതിരെ വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി. മുതിർന്ന മാധ്യമപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും എതിരെ കേസെടുത്തതിലൂടെ ബിജെപി സർക്കാർ ജനാധിപത്യത്തിന്റെ അന്തസിനെ പിച്ചിചീന്തിയെന്ന് പ്രിയങ്ക ആരോപിച്ചു.
ബി.ജെ.പി സർക്കാർ കേസെടുത്ത് പൊതു പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുന്ന പ്രവണത അപകടകരമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു. ജനാധിപത്യത്തെ ബഹുമാനിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഭയത്തിന്റെ അന്തരീക്ഷം ജനാധിപത്യത്തിൽ വിഷംപോലെയാണ്. മുതിർന്ന മാധ്യമപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും എതിരെ കേസെടുത്തതിലൂടെ ബിജെപി സർക്കാർ ജനാധിപത്യത്തിന്റെ അന്തസിനെ പിച്ചിചീന്തി-പ്രിയങ്ക പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂർ, രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവാന് മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.