"പോക്സോ ദുരുപയോഗം വ്യാപകം; പ്രണയബന്ധം തടയുകയല്ല നിയമത്തിന്റെ ലക്ഷ്യം" - മദ്രാസ് ഹൈക്കോടതി
"മാതാപിതാക്കളോ കുടുംബമോ പരാതി നൽകുന്നതോടെ പൊലീസ് തട്ടിക്കൊണ്ടു പോകൽ, പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ തുടങ്ങിയവ ചുമത്തി കേസെടുക്കുകയാണ്. ചെറുപ്പക്കാരന്റെ ജീവിതം അതോടെ പ്രതിസന്ധിയിലാവുന്നു"

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ബന്ധം പുലർത്തുന്ന പ്രായപൂർത്തിയായ ആൺകുട്ടിയെ ശിക്ഷിക്കുക എന്നതല്ല പോക്സോ നിയമത്തിന്റെ ലക്ഷ്യമെന്ന് മദ്രാസ് ഹൈക്കോടതി. തങ്ങളുടെ പെൺമക്കളുമായി പ്രണയത്തിലുള്ള ചെറുപ്പക്കാരെ കുടുക്കുന്നതിനായി കുടുംബങ്ങൾ പോക്സോ നിയമത്തെ ദുരുപയോഗം ചെയ്യുന്നതായും, സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരണമെന്നും ജസ്റ്റിസ് എൻ ആനന്ദ് വെങ്കടേഷ് നിരീക്ഷിച്ചതായി "ലൈവ് ലോ' റിപ്പോര്ട്ട് ചെയ്യുന്നു.
20 വയസ്സുള്ള യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസ് പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. യുവാവും താനും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് പെൺകുട്ടി കോടതിക്കു മുമ്പാകെ വ്യക്തമാക്കിയിരുന്നു.
'ഇതുപോലുള്ള സംഭവങ്ങൾ ഇപ്പോൾഗ്രാമങ്ങളിലും നഗരങ്ങളിലും ഇപ്പോൾ പതിവായിരിക്കുന്നു.' കോടതി നിരീക്ഷിച്ചു.
'മാതാപിതാക്കളോ കുടുംബമോ പരാതി നൽകുന്നതോടെ പൊലീസ് തട്ടിക്കൊണ്ടു പോകൽ, പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ തുടങ്ങിയവ ചുമത്തി കേസെടുക്കുകയാണ്. പോക്സോ ആക്ടിനു കീഴിൽ ചുമത്തപ്പെട്ട നിരവധി ക്രിമിനൽ കേസുകൾ ഇവ്വിധത്തിലുള്ളതാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതോടെ ആൺകുട്ടി അറസ്റ്റ് ചെയ്യപ്പെടുകയും അയാളുടെ യൗവനം പാഴാവുകയും ചെയ്യുന്നു.' ജസ്റ്റിസ് എൻ ആനന്ദ് വെങ്കടേഷ് പറഞ്ഞു.