'കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുന്നു'; നിരാഹാര സമരവുമായി അണ്ണാ ഹസാരെ
അഹിംസാ പ്രക്ഷോഭത്തിന്റെ പ്രാധാന്യം അടിവരയിട്ട ഹസാരെ തന്റെ കഴിഞ്ഞ 40 വര്‍ഷം നീണ്ട സമരങ്ങളില്‍ നിരവധി പേര് ഭാഗമായെങ്കിലും ഒരു കല്ല് പോലും എറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ നാളെ മുതൽ നിരാഹാര സമരമാരംഭിക്കുന്നു. മഹാത്മ ഗാന്ധിയുടെ ചരമദിനമായ നാളെ മഹാരാഷ്ട്ര അഹമ്മദ് നഗറിലെ യാദവ്ബാബ ക്ഷേത്രത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുന്നത്. തന്റെ അനുയായികളോട് അവരവരുടെ പ്രദേശങ്ങളിലിരുന്ന് സമരം ചെയ്യാനും അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു.
കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയാണെന്നും കർഷകരുടെ വിഷയത്തിൽ സർക്കാർ ശരിയായ തീരുമാനമെടുക്കുന്നില്ലെന്നും അണ്ണാ ഹസാരെ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ നിരവധി തവണ ആവശ്യങ്ങളുമായി സമീപിച്ചെന്നും പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷി മന്ത്രിക്കും കര്‍ഷക വിഷയം ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ അഞ്ച് കത്തുകള്‍ അയച്ചതായും ഹസാരെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പക്ഷേ ശരിയായ പ്രശ്ന പരിഹാരത്തില്‍ എത്തിചേരുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിലും അണ്ണാ ഹസാരെ ഉത്കണ്ഠ രേഖപ്പെടുത്തി. അഹിംസാ പ്രക്ഷോഭത്തിന്റെ പ്രാധാന്യം അടിവരയിട്ട ഹസാരെ തന്റെ കഴിഞ്ഞ 40 വര്‍ഷം നീണ്ട സമരങ്ങളില്‍ നിരവധി പേര് ഭാഗമായെങ്കിലും ഒരു കല്ല് പോലും എറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനമാണ് പോരാട്ടത്തിന്റെ ഊര്‍ജം, അതാണ് ഗാന്ധിജി പഠിപ്പിച്ചതെന്നും ഹസാരെ പറഞ്ഞു.
2010-2013 കാലഘട്ടത്തില്‍ യു.പി.എ സര്‍ക്കാരിനെതിരായ അഴിമതി വിരുദ്ധ ഉപവാസ സമരത്തിലൂടെയാണ് അണ്ണാ ഹസാരെ ശ്രദ്ധേയനാകുന്നത്. അണ്ണാ ഹസാരെയുടെ സമരം പിന്നീട് നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായകമായി.