ഉള്ളാളിനെ പാകിസ്താനോടുപമിച്ച് ആർഎസ്എസ് നേതാവ്
സ്ഥിരമായി മുസ്ലിം സാമാജികനെ തെരഞ്ഞെടുക്കുന്നതിന് പകരം ഹിന്ദു സാമാജികനെ തെരഞ്ഞെടുക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു

കർണാടകയിലെ മുസ്ലിം ഭൂരിപക്ഷ നഗരമായ ഉള്ളാളിനെ പാകിസ്താനോടുപമിച്ച് ആർഎസ്എസ് നേതാവ്. ഇത് രണ്ടാം തവണയാണ് മുതിർന്ന ആർ.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകർ ഭട്ട് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. സ്ഥിരമായി മുസ്ലിം സാമാജികനെ തെരഞ്ഞെടുക്കുന്നതിന് പകരം ഹിന്ദു സാമാജികനെ തെരഞ്ഞെടുക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
"ഇന്ന് പാകിസ്താൻ എന്ന് അറിയപ്പെടുന്ന നാട് ഒരുനാൾ ഇന്ത്യയോടൊപ്പമായിരുന്നു. സിന്ധു നദി അതിലൂടെയാണ് ഇന്നും ഒഴുകുന്നത്. അവിടെ ജീവിച്ചിരിക്കുന്നവരെല്ലാം ഇന്ത്യക്കാരായിരുന്നു. വിഭജനത്തിനു ശേഷം അവിടെ ജീവിക്കുന്നവരുടെ മനോഗതി മാറുകയായിരുന്നു. ഈ മനോഗതിയാണ് ഇപ്പോൾ ഉള്ളാളിലുള്ളവരിൽ കാണുന്നത്. ഉള്ളാൾ പാകിസ്ഥാൻ ആവുകയാണെന്ന് പറയാൻ ഞാൻ ഒട്ടും ഖേദിക്കുന്നില്ല. " - അദ്ദേഹം പ്രാദേശിക മാധ്യമംങ്ങളോട് പറഞ്ഞു.
"കുറച്ചു വർഷങ്ങൾ മുൻപ് ആണുങ്ങളായ മത്സ്യ തൊഴിലാളികൾ മീൻ പിടിക്കാൻ പോയപ്പോൾ പെണ്ണുങ്ങളായ മത്സ്യ തൊഴിലാളികളെ ഇവിടത്തുകാർ ആക്രമിച്ചിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗോവധവും ലവ് ജിഹാദും ഇവിടെ നടക്കുന്നുണ്ട്. ഇത് പാകിസ്ഥാൻ അല്ലെങ്കിൽ പിന്നെന്താണ് ?"
അതിർത്തി പുനർനിർണയത്തിന് ശേഷം ഉള്ളാൾ മണ്ഡലം മംഗലാപുരമായിരുന്നു. തുടർച്ചയായ നാലാം തവണ ജയിച്ച കോൺഗ്രസ്സ് എംഎൽഎ യു.ടി ഖാദർ ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2011 സെൻസസ് പ്രകാരം മുസ്ലിംകൾ മണ്ഡലത്തിന്റെ 56 ശതമാനമാണ്