രാമക്ഷേത്രം പ്രദർശിപ്പിച്ച യുപിക്ക് ഏറ്റവും മികച്ച പരേഡിനുള്ള പുരസ്കാരം
ഇതാദ്യമായാണ് വിവാദ വിഷയമായ അയോധ്യ റിപ്പബ്ലിക് ദിന പരേഡിൽ നിശ്ചല ദൃശ്യമായി അവതരിപ്പിക്കപ്പെടുന്നത്.

ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ നിശ്ചലദൃശ്യം പ്രദർശിപ്പിച്ച ഉത്തർപ്രദേശിന് റിപ്പബ്ലിക്ദിനത്തിലെ ഏറ്റവും മികച്ച പരേഡിനുള്ള പുരസ്കാരം. 'അയോധ്യ: ഉത്തർപ്രദേശിന്റെ സാംസ്കാരികപൈതൃകം' എന്ന വിഷയത്തിലാണു യുപി ദൃശ്യം തയാറാക്കിയത്. മുന്നിൽ വാത്മീകി മഹർഷിയും പിന്നിൽ രാമക്ഷേത്രവും എ്ന്ന മാതൃകയാണ് യുപി അവതരിപ്പിച്ചത്.
ഇതാദ്യമായാണ് വിവാദ വിഷയമായ അയോധ്യ റിപ്പബ്ലിക് ദിന പരേഡിൽ നിശ്ചല ദൃശ്യമായി അവതരിപ്പിക്കപ്പെടുന്നത്. 2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന് തറക്കെല്ലിട്ടത്.
ത്രിപുര, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നു 17 ദൃശ്യങ്ങളും വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയിൽനിന്ന് ഒൻപതും പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ആറും ഉൾപ്പെടെ 32 നിശ്ചലദൃശ്യങ്ങളാണ് ഇക്കുറി പരേഡിൽ പങ്കെടുത്തത്.
കേന്ദ്ര മന്ത്രാലയങ്ങൾ. വകുപ്പുകൾ, അർധസൈനിക വിഭാഗങ്ങൾ എന്നിവയുടെ വിഭാഗത്തിൽ 'സ്വാശ്രയ ഭാരത പ്രചാരണം: കോവിഡ്' എന്ന വിഷയത്തിൽ ജൈവസാങ്കേതികവിദ്യാ വകുപ്പു തയാറാക്കിയ നിശ്ചലദൃശ്യത്തിനാണ് പുരസ്കാരം. കേന്ദ്രമന്ത്രി കിരൺ റിജിജു പുരസ്കാരങ്ങൾ കൈമാറി.