LiveTV

Live

National

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്; പ്രതികരണവുമായി എഡിറ്റേഴ്സ് ഗില്‍ഡ്

രാജ്യദ്രോഹം പോലുള്ള നിരവധി നിയമങ്ങൾ പലപ്പോഴും 'അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്നതിന്' ഉപയോഗിക്കുന്നുവെന്ന വസ്തുത ഗൗരവമായി മനസ്സിലാക്കണം

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്; പ്രതികരണവുമായി എഡിറ്റേഴ്സ് ഗില്‍ഡ്

റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിയെത്തുടർന്നുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രാജ്‍ദീപ് സാര്‍ദേശായി അടക്കമുള്ള മാധ്യമപ്രവർത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ.

മാധ്യമപ്രവർത്തകരുടെ നടപടി മനഃപൂർവം വിദ്വേഷം ഉണ്ടാക്കാനാണെന്ന പൊലീസിന്‍റെ വാദം തെറ്റാണ്. ഒരു സംഭവം ഉണ്ടാകുമ്പോള്‍ അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മാധ്യമപ്രവര്‍ത്തനത്തില്‍ സാധാരണമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസെടുത്തത് തന്നെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും ഉപദ്രവിക്കാനുമുള്ള ലക്ഷ്യം വെച്ചാണ്. മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും തടസ്സപ്പെടുത്താനുമുള്ള ശ്രമമായാണ് ഈ നടപടികളെന്നും പരാതികൾ ഉടനടി പിൻവലിക്കണമെന്നും മാധ്യമങ്ങളെ ഭയമില്ലാതെ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡിന്റെ പ്രസ്താവനയിൽ പറയുന്നു.

രാജ്യദ്രോഹം പോലുള്ള നിരവധി നിയമങ്ങൾ പലപ്പോഴും 'അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്നതിന്' ഉപയോഗിക്കുന്നുവെന്ന വസ്തുത ഗൗരവമായി മനസ്സിലാക്കണം. 'ഇത്തരം നിയമങ്ങളുടെ ദുരുപയോഗം' മാധ്യമപ്രവർത്തനത്തന് തടസ്സമാകില്ല എന്ന് ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ജുഡീഷ്യറിയോട് ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തക നേഹ ദീക്ഷിതിനെതിരെ നിരന്തര ഭീഷണി ഉയരുകയും അവരുടെ വീട്ടിൽ അതിക്രമിച്ച് കടക്കാനുള്ള ശ്രമുണ്ടാവുകയും ചെയ്തതിനെ ആശങ്കയോടെയാണ് കാണുന്നത്. കൂടാതെ, ‘വനിതാ മാധ്യമ പ്രവർത്തകർ’ എന്ന് വിളിക്കപ്പെടുന്നവരെ കർഷകർ ഉപദ്രവിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നതിലും ആശങ്ക അറിയിക്കുന്നു,” ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ് പ്രസ്താവനയിൽ പറയുന്നു.

നേഹ ദീക്ഷിത്
നേഹ ദീക്ഷിത്

റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂർ, രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവാന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് എന്നിവര്‍ക്കെതിരേയും കേസെടുത്തു. ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഒന്നിലധികം എഫ്‌.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കെതിരായ എഫ്‌.ഐ.ആറിൽ അവർ റിപബ്ലിക് ദിനത്തിൽ നടത്തിയ ട്വീറ്റുകൾ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പറയുന്നു.