സമ്പദ്ഘടനയ്ക്കുള്ളത് കോവിഡ് കൊണ്ടുള്ള താത്കാലിക പ്രതിസന്ധി; സാമ്പത്തിക സർവ്വേ റിപ്പോർട്ട് സഭയിൽ
വി ആകൃതിയിലുള്ള വളർച്ചയിലൂടെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ സൂചന നൽകുന്നുവെന്ന് റിപ്പോർട്ട്

2020-21 വർഷത്തെ സാമ്പത്തിക സർവെ റിപ്പോർട്ട് ധനമന്ത്രി സഭയുടെ മേശ പുറത്ത് വച്ചു. നടപ്പ് സാമ്പത്തിക വർഷം 7.7 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് സർവ്വേ പറയുന്നത്. കോവിഡ് കൊണ്ടുള്ള താത്കാലിക പ്രതിസന്ധി മാത്രമാണ് സമ്പദ്ഘടനക്കുള്ളതെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.
കഴിഞ്ഞ ഒരു വർഷമായി ഉത്പാദന, സേവന, നിർമാണ മേഖലകൾ പൂർണമായും സ്തംഭിച്ചിട്ടും ജിഡിപി വളർച്ച നിരക്ക് 7.7 ശതമാനത്തിൽ എത്തുമെന്നാണ് സാമ്പത്തിക സർവ്വേ റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ ഡിസംബറിൽ റിസർവ് ബാങ്ക് 7.5 ശതമാനം വളർച്ച ആണ് പ്രവചിച്ചിട്ടുന്നത്. വിമാന സർവീസുകൾ പഴയ പടി ആകുന്നതും ആളുകൾ വിപണിയിൽ ഇടപെടാൻ തുടങ്ങിയതും സാമ്പത്തിക മേഖലയിൽ ഗുണം ചെയ്യും. വി ആകൃതിയിലുള്ള വളർച്ചയിലൂടെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ സൂചന നൽകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
21-22 സാമ്പത്തിക വർഷത്തിൽ 11% വളർച്ചയാണ് ലക്ഷ്യമിടുന്നത്. അതിനായി കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടി വരും. വളർച്ച നിരക്കിലെ ഇടിവ് കോവിഡ് പ്രതിസന്ധി മൂലമുള്ള താത്കാലിക പ്രതിസന്ധി മാത്രമാണ്. കോവിഡ് വില്പനയെയും വാങ്ങലിനെയും ബാധിച്ചു. 2021 മെയ് മാസത്തോടെ സ്വകാര്യ ട്രെയിൻ സർവീസ് ലേലം പൂർത്തിയാക്കും. 2024 ൽ സ്വകാര്യ ട്രെയിൻ സർവീസുകൾ ആരംഭിക്കും.