LiveTV

Live

National

സിംഘുവിലും തിക്രിയിലും സംഘര്‍ഷം: കര്‍ഷകര്‍ക്ക് നേരെ അക്രമം

കർഷക സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം കർഷകരുടെ ടെന്റുകൾ പൊളിച്ചുമാറ്റി

സിംഘുവിലും തിക്രിയിലും സംഘര്‍ഷം: കര്‍ഷകര്‍ക്ക് നേരെ അക്രമം

കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്കെതിരെ സിംഘു അതിർത്തിയിൽ പ്രതിഷേധം. കർഷക സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം കർഷകരുടെ ടെന്റുകൾ പൊളിച്ചുമാറ്റി. പ്രദേശത്ത് കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തിചാർജും നടത്തി. കർഷകർ സമരം ചെയ്യുന്ന വേദിയിലേക്ക് അതിക്രമിച്ചു കയറിയാണ് ഒരു വിഭാഗം അക്രമം നടത്തിയത്.

പ്രദേശവാസികളാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത്. പിന്നീട് മുദ്രാവാക്യം വിളിച്ച് കർഷകരെ അക്രമിക്കുകയായിരുന്നു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സിംഘു അതിർത്തിയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമപ്രവർത്തകർക്ക് പൊലീസ് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്തുന്നത് പൊലീസ് തടഞ്ഞു. സമരകേന്ദ്രത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്.

സമര കേന്ദ്രങ്ങളിൽ അക്രമം നടത്തിയത് ആർ.എസ്.എസ് ഗുണ്ടകളാണെന്നു കെ.കെ രാഗേഷ് എം.പി പറഞ്ഞു. നാട്ടുകാർ എന്നും സമരത്തിനൊപ്പമായിരുന്നുവെന്നും നാട്ടുകാർ എന്ന പേരിൽ ആർഎസ് എസ് പ്രവർത്തകർ അഴിഞ്ഞാടുകയാണെന്ന് അദ്ദേഹം പറഞ്ഞു . എന്നാൽ സമരത്തിനെതിരെ പ്രതിഷേധിച്ചത് നാട്ടുകാരാണെന്നു കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു.