കർഷക സമരത്തിലെ തിരിച്ചടി തുടരുന്നു; തുടർച്ചയായ നാലാം മാസവും ജിയോയെ പിന്തള്ളി എയർടെൽ
നേരത്തെ, തങ്ങൾക്കെതിരെ എയർടെല്ലും വിഐയും പ്രചാരണം നടത്തുന്നതായി ആരോപിച്ച് ജിയോ ട്രായ്ക്ക് കത്തു നൽകിയിരുന്നു

ന്യൂഡൽഹി: വരിക്കാരുടെ എണ്ണത്തിൽ നാലാം മാസവും റിലയൻസ് ജിയോയെ മറികടന്ന് എയർടെൽ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട നവംബറിലെ കണക്കുകൾ പ്രകാരം ഭാരതി എയർടെൽ 43.70 ലക്ഷം പുതിയ വയർലെസ് വരിക്കാരെ ചേർത്തു. എന്നാൽ, റിലയൻസ് ജിയോയ്ക്ക് 19.36 ലക്ഷം പേരെ മാത്രമാണ് അധികം ചേർക്കാൻ കഴിഞ്ഞത്. വോഡഫോൺ ഐഡിയക്ക് (വിഐ) 28.94 ലക്ഷം വരിക്കാരെ നഷ്ടപ്പെടുകയും ചെയ്തു.
നവംബറിലെ കണക്കുകൾ പ്രകാരം ജിയോയുടെ മൊത്തം വരിക്കാർ 40.82 കോടിയാണ്. തൊട്ടുപിന്നിൽ 33.46 കോടി ഉപഭോക്താക്കളുള്ള എയർടെല്ലുമുണ്ട്. വോഡഫോൺ ഐഡിയ (വിഐ) 28.99 കോടി വരിക്കാരുമായി മൂന്നാം സ്ഥാനത്താണ്. 11.88 കോടി ഉപഭോക്താക്കളുള്ള ബിഎസ്എൻഎൽ നാലാം സ്ഥാനത്തും. വയർലെസ് ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ കാര്യത്തിൽ, ജിയോയുടേത് 41.07 കോടിയും എയർടെലിന്റേത് 17.44 കോടിയും വോഡഫോൺ ഐഡിയയുടേത് 12.09 കോടിയുമാണ്.
അതേസമയം, 35.34 ശതമാനം വിപണി ഓഹരിയോടെ ജിയോ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റർ. 28.97 ശതമാനം ഓഹരിയോടെ എയർടെൽ രണ്ടാമതാണ്. വിഐയുടെ വിപണി ഓഹരി 25.10 ശതമാനത്തിലേക്ക് ചുരുങ്ങി. ഏറ്റവും വലിയ ടെലികോം കമ്പനിയായിട്ടും ഉപഭോക്താക്കളുടെ എണ്ണത്തിൽ എയർടെല്ലിനേക്കാളും വിഐയേക്കാളും താഴെയാണ് ജിയോ.
നേരത്തെ, തങ്ങൾക്കെതിരെ എയർടെല്ലും വിഐയും പ്രചാരണം നടത്തുന്നതായി ആരോപിച്ച് ജിയോ ട്രായ്ക്ക് കത്തു നൽകിയിരുന്നു. ധാരാളം വരിക്കാരിൽ നിന്ന് പോർട്ട് ഔട്ട് അപേക്ഷകൾ വരുന്നുണ്ട് എന്നും പരാതികളോ പ്രശ്നങ്ങളോ ഇല്ലാതെയാണ് ജിയോയിൽ നിന്ന് ഇവർ പുറത്തു പോകുന്നതെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ ആരോപണങ്ങൾ എയർടെല്ലും വിഐയും നിഷേധിച്ചിരുന്നു.