ബിഹാറില്‍ ഉവൈസിയുടെ പാര്‍ട്ടി എം.എ.ല്‍എമാര്‍ നിതീഷിനെ കണ്ടു; ജെ.ഡി.യുവില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം
സംസ്ഥാനത്ത് എ.ഐ.എം.ഐ.എമ്മിന് ഉണ്ടായിരുന്ന അഞ്ച് എം.എല്‍.എമാരാണ് ഇന്നലെ നിതീഷ് കുമാറുമായി ചര്‍ച്ച നടത്തിയത്

ബിഹാറില്‍ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മിന്റെ എം.എല്‍.എമാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് എ.ഐ.എം.ഐ.എമ്മിന് ഉണ്ടായിരുന്ന അഞ്ച് എം.എല്‍.എമാരാണ് ഇന്നലെ നിതീഷ് കുമാറുമായി ചര്‍ച്ച നടത്തിയത്. ഇതോടെ എ.ഐ.എം.ഐ.എം എം.എല്‍.എ മാര്‍ ജെഡിയുവില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ദേശീയ തലത്തില്‍ കൂടുതല്‍ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്.
പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ അഖ്തര്‍-ഉല്- ഇമാന്, മുഹമ്മദ് അസ്ഹര്‍ അസ്ഫി, ഷാനവാസ് ആലം, സയീദ് റുകുനുദ്ദീന്‍, അസ്ഹര്‍ നയീമി എന്നിവരാണ് കഴിഞ്ഞ ദിവസം നിതീഷ് കുമാറിനെ ഔദ്യോഗിക വസതിയിലെത്തി സന്ദര്‍ശിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയുടെ ഉള്ളടക്കം സംബന്ധിച്ച് ഇരു പാര്‍ട്ടികളും വെളിപ്പെടുത്തിയിട്ടില്ല.
സീമാഞ്ചലിന്റെ വികസന പദ്ധതികളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് തങ്ങള്‍ നിതീഷ് കുമാറിനെ കണ്ടതെന്നാണ് എ.ഐ.എം.ഐ.എം എം.എല്‍.എയായ മുഹമ്മദ് ആദില്‍ ഹസന് അവകാശപ്പെട്ടത്. ബി.ജെപിയുമായി ജെ.ഡി.യു ബന്ധപ്പെട്ട് നില്ക്കുന്നിടത്തോളം കാലം നിതീഷുമായി തങ്ങള്‍ കൈകോര്‍ക്കില്ലെന്നും ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാല്‍ ഭാവിയില്‍ നിതീഷുമായി കൈകോര്‍ക്കാന്‍ താല്പര്യപ്പെട്ടേക്കാമെന്നും ആദില്‍ ഹസന് വ്യക്തമാക്കി.