അർധരാത്രിയോടെ വൈദ്യുതി വിച്ഛേദിച്ചു, ദേശീയ പാതയിലെ ലൈറ്റുകൾ അണച്ചു- ഭീതിമുനയിൽ കർഷകർ
പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചതോടെ പരിഭ്രാന്തി പരന്നു

ന്യൂഡല്‍ഹി: പ്രതിഷേധം തടസ്സപ്പെടുത്താന്‍ ഡല്‍ഹി അതിര്‍ത്തിയിലെ വൈദ്യുതബന്ധം വിച്ഛേദിച്ചതായി കര്‍ഷകര്‍. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഗാസിപ്പൂരിലെ പ്രതിഷേധ സ്ഥലത്തു നിന്ന് കര്‍ഷകരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കുമെന്ന അഭ്യൂഹങ്ങളും പരന്നു.
പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചതോടെ പരിഭ്രാന്തി പരന്നു. ജില്ലയിലെ പൊലീസ് മേധാവികളെല്ലാം പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു.
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് കിഴക്കന്‍ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. ഗാസിപ്പൂരില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് കര്‍ഷകരോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, റിപ്പബ്ലിക് ഡേയിലെ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. സ്പെഷ്യല്‍ സെല്‍, ക്രൈംബ്രാഞ്ച് അംഗങ്ങള്‍ സംഘത്തിലുണ്ട്. ചില കര്‍ഷക സംഘടനാ നേതാക്കൾ അക്രമങ്ങളില്‍ ഉള്‍പ്പെട്ടതായി ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ്എന്‍ ശ്രീവാസ്തവ പറഞ്ഞു.
കലാപമുണ്ടാക്കല്‍, കൊള്ള, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി 25 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 19 പേര് അറസ്റ്റിലായി. 200 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേധാ പട്കര്‍, യോഗേന്ദ്ര യാദവ് തുടങ്ങിയ 37 കര്‍ഷക നേതാക്കള്‍ക്കെതിരെയും കേസുണ്ട്.