മകളുടെ വിവാഹത്തിന് പണമില്ല; മുതലാളിയുടെ മക്കളെ തട്ടിക്കൊണ്ടുപോയി, ഡ്രൈവര്‍ അറസ്റ്റില്‍
കെട്ടിടനിര്‍മ്മാതാവായ മുതലാളിയുടെ ഇരട്ടക്കുട്ടികളെയാണ് ഇയാളുടെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു

മകളുടെ വിവാഹത്തിന് പണമുണ്ടാക്കുന്നതിനായി മുതലാളിയുടെ മക്കളെ തട്ടിക്കൊണ്ടുപോയ ഡ്രൈവറും ബന്ധുവും അറസ്റ്റില്‍. മുംബൈയിലെ സബര്‍ബന്‍ അന്ധേരിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടനിര്‍മ്മാതാവായ മുതലാളിയുടെ ഇരട്ടക്കുട്ടികളെയാണ് ഇയാളുടെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ഒരു കോടി രൂപയാണ് ഇയാള്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.
തിങ്കളാഴ്ചയാണ് തന്റെ മക്കളെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് പിതാവ് പൊലീസിനെ സമീപിക്കുന്നത്. ജൂഹുവിൽ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ ഡ്രൈവറെ മർദ്ദിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. ജൂഹി പിവിആര്‍ പ്രദേശത്ത് വച്ച് ഒരു സംഘം കുട്ടികളെ ഭീഷണിപ്പെടുത്തി കാറില്‍ കയറ്റുകയായിരുന്നുവെന്നും പരാതിക്കാരന് പറഞ്ഞു. തട്ടിക്കൊണ്ടുപോകുന്നതിനിടെ ഇവർ മക്കൾക്കും ഡ്രൈവറിനും മയങ്ങാനുള്ള മരുന്ന് നൽകി. ഒരു കുട്ടിയെ സ്കൂൾ ബസിലാക്കിയ അവർ മറ്റേ കുട്ടിയെ കാറിൽ തന്നെ സൂക്ഷിച്ചു. അതിനു ശേഷം മൂന്ന് ബൈക്കുകളിലായി 6 പേരെത്തി ഡ്രൈവറെ മർദ്ദിച്ചു. ഇതിനിടെ പൊലീസ് എത്തി ഒരു കുട്ടിയെ രക്ഷിച്ചു. മറ്റേ കുട്ടി ആളുകളുടെ സഹായത്തോടെ ബന്ധുക്കളെ വിവരമറിയിച്ചു. ഇതിനിടെ കുട്ടികളുടെ അമ്മയ്ക്കാണ് ഒരു കോടി രൂപ ആവശ്യപ്പെട്ടു കൊണ്ടുള്ള കോൾ എത്തിയതെന്ന് പൊലീസ് പറയുന്നു.
എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഡ്രൈവറെ 18 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവര്‍ നടത്തിയ നാടകമായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പൊലീസിന് വ്യക്തമായത്. തന്റെ മകളുടെ വിവാഹത്തിന് പണം സ്വരൂപിക്കാനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. ഇതിനായി അയാള്‍ ഡല്‍ഹിയിലുള്ള ബന്ധുവിനെ വിളിച്ചുവരുത്തുകയും പകുതി തുക വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്.