LiveTV

Live

National

കർഷകർ വളഞ്ഞു; ട്രാക്ടറിൽ നിന്നിറങ്ങിയോടി, ബൈക്കിൽ സിനിമാ സ്‌റ്റൈലിൽ രക്ഷപ്പെട്ട് ദീപ് സിദ്ധു- വീഡിയോ

പൊലീസിന്റെ കൺമുമ്പിൽ നിന്നാണ് ഇയാൾ ഇറങ്ങിയോടിയത്

കർഷകർ വളഞ്ഞു; ട്രാക്ടറിൽ നിന്നിറങ്ങിയോടി, ബൈക്കിൽ സിനിമാ സ്‌റ്റൈലിൽ രക്ഷപ്പെട്ട് ദീപ് സിദ്ധു- വീഡിയോ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കർഷക റാലിക്കിടെ അക്രമമുണ്ടാക്കിയ പഞ്ചാബി നടൻ ദീപ് സിദ്ധു രക്ഷപ്പെട്ടത് സിനിമാ സ്റ്റൈലിൽ. കർഷകർ തടഞ്ഞുവച്ചതോടെ ഇയാൾ ട്രാക്ടറിൽ നിന്ന് ഇറങ്ങിയോടി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പൊലീസിന്റെ കൺമുമ്പിൽ നിന്നാണ് ഇയാൾ ഇറങ്ങിയോടിയത്. സിദ്ധുവിനെ ഇതുവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല.

സിദ്ധുവിന്റെ രണ്ട് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ ഗൗരവ് പാണ്ഡി അടക്കമുള്ളവർ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു.

ട്രാക്ടറിൽ കർഷകർ വളഞ്ഞ വേളയിലാണ് സിദ്ധു വാഹനത്തിൽ നിന്നിറങ്ങിയത്. പിന്നീട് അടുത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു.

പ്രതിഷേധത്തിൽ നുഴഞ്ഞു കയറി സിദ്ധു മനഃപൂർവ്വം പ്രശ്‌നങ്ങൾ ഉണ്ടാക്കുകയായിരുന്നു എന്നാണ് കർഷക സംഘടനാ നേതാക്കൾ പറയുന്നത്. അക്രമം നടത്താൻ ഇദ്ദേഹം ആഹ്വാനം ചെയ്തിരുന്നതായും നേതാക്കൾ ആരോപിക്കുന്നു. സിദ്ധുവിനെ ആർഎസ്എസ് ഏജന്റ് എന്നാണ് സംയുക്ത് കിസാൻ മോർച്ച വിശേഷിപ്പിച്ചത്.

ചെങ്കോട്ടയിലേക്ക് കർഷകരെ വഴി തിരിച്ചുവിട്ടതും സിദ്ധുവാണ്. കൈയിൽ മൈക്രോഫോണുമായാണ് ഇദ്ദേഹമെത്തിയത്. ചെങ്കോട്ടയിൽ സിഖ് മത പതാകയായ നിഷാൻ സാഹിബ് ഉയർത്തിയത് ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ചെങ്കോട്ടയിലെ അനിഷ്ട സംഭവങ്ങളിൽ സിദ്ധുവിനും ഗുണ്ടാനേതാവായിരുന്ന സാമൂഹിക പ്രവർത്തകൻ ലാക സിധാനയ്ക്കും എതിരെ കേസുണ്ട്.