''ഡൽഹി കത്തിയെരിയുന്നത് കാണാനാണ് കെജ്രിവാൾ ആഗ്രഹിക്കുന്നത്''; റിപ്പബ്ലിക്ക് ദിന സംഘർഷത്തെ കുറിച്ച് ഗൗതം ഗംഭീർ
ആരോപണങ്ങൾക്ക് വിരുദ്ധമായി ഇന്ന് നടന്ന ആം ആദ്മി പാർട്ടി കൗൺസിൽ മീറ്റിങ്ങിൽ വെച്ച് ഡൽഹിയിൽ നടന്ന സംഘർഷങ്ങളെ കെജ്രിവാൾ അപലപിക്കുകയുണ്ടായി.

റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന സംഘർഷങ്ങളോട് പ്രതികരിക്കാതെ, ഡൽഹി കത്തിയെരിയുന്നത് കാണാനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആഗ്രഹിക്കുന്നതെന്ന് മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കുള്ള സാധ്യതകൾ ഇല്ലാതാക്കരുത് എന്ന ലക്ഷ്യത്തോടെയാണ്, കർഷകർ നടത്തിയ ട്രാക്ടർ പരേഡിൽ ഉടലെടുത്ത സംഘർഷത്തെ അപലപിക്കാൻ പോലും കെജ്രിവാൾ തയ്യാറാകാതിരുന്നത് എന്നും ഗൗതം ഗംഭീർ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് ഗൗതം ഗംഭീർ കെജ്രിവാളിനെതിരെ ആരോപണം ഉയർത്തിയത്.
എന്നാൽ ഗൗതം ഗംഭീറിന്റെ ആരോപണങ്ങൾക്ക് വിരുദ്ധമായി ഇന്ന് നടന്ന ഒമ്പതാമത് ആം ആദ്മി പാർട്ടി കൗൺസിൽ മീറ്റിങ്ങിൽ വെച്ച് ഡൽഹിയിൽ നടന്ന സംഘർഷങ്ങളെ കെജ്രിവാൾ അപലപിക്കുകയുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദികൾക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തിൽ സംഭവിച്ചതെല്ലാം നിർഭാഗ്യകരം തന്നെയാണ്, എന്നാൽ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം അതുകൊണ്ട് അവസാനിക്കില്ല എന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
"സാധനപരമായി ഈ സമരത്തെ നാം ഇനിയും പിന്തുണക്കേണ്ടതുണ്ട്. പരേഡിനെ അട്ടിമറിച്ചവർ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. പോലീസ് വ്യാജ കേസ് ചുമത്തിയവരെ കുറിച്ചല്ല ഞാൻ പറയുന്നത്. ആരാണോ, ഏത് പാർട്ടിയാണോ ഉത്തരവാദികൾ, അവർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതുണ്ട് " കെജ്രിവാൾ പറഞ്ഞു. കഴിഞ്ഞ നവംബറിൽ തുടങ്ങിയ കർഷക പ്രക്ഷോഭത്തിന് ആം ആദ്മി പാർട്ടി ആദ്യമേ തന്നെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.