ഡൽഹി സംഘർഷം : അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ താഴ്ചയിലേക്ക് ചാടി പൊലീസുകാർ
കുറച്ച് പൊലീസുകാർ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും അക്രമം രൂക്ഷമായതോടെ മതിൽ ചാടുകയായിരുന്നു

റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന കിസാൻ പരേഡിനിടെ നടന്ന അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മതിൽ ചാടുന്ന പൊലീസുകാരുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ട ചെങ്കോട്ടയിൽ നിന്നുള്ള ഒരു വിഡിയോയിൽ അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ പൊലീസുകാർ പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് ചാടുന്നതായി കാണാം.
പൊലീസുകാരെയും അർധസൈനികരെയും ലാത്തികൊണ്ടും വടികൾകൊണ്ടും തല്ലുന്നതായി ദൃശ്യങ്ങളിൽ കാണാം. ഒരു ഡസനിലധികം പൊലീസുകാർക്ക് നേരെയാണ് ആർത്തലച്ചു വന്ന ജനക്കൂട്ടം ആക്രമിച്ചത്. കുറച്ച് പൊലീസുകാർ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും അക്രമം രൂക്ഷമായതോടെ മതിൽ ചാടുകയായിരുന്നു.