LiveTV

Live

National

ദീപ് സിദ്ദുവിനൊപ്പം മോദിയും അമിത് ഷായും; ചിത്രങ്ങളുമായി പ്രശാന്ത് ഭൂഷണ്‍

ചെങ്കോട്ടയിലെ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കിയത് പഞ്ചാബി താരം ദീപ് സിദ്ദുവാണെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം.

ദീപ് സിദ്ദുവിനൊപ്പം മോദിയും അമിത് ഷായും; ചിത്രങ്ങളുമായി പ്രശാന്ത് ഭൂഷണ്‍

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ സമര പതാക ഉയര്‍ന്ന സംഭവത്തെ ചൊല്ലിയുള്ള വിവാദം പുകയുന്നു. ചെങ്കോട്ടയിലെ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കിയത് പഞ്ചാബി താരം ദീപ് സിദ്ദുവാണെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം. സിദ്ദുവിന് ബിജെപിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടു.

മോദിക്കും അമിത് ഷാക്കും ഒപ്പം നില്‍ക്കുന്ന ഇയാളാണ് ദീപ് സിദ്ദു. ഇയാളാണ് ചെങ്കോട്ടയിലേക്ക് ആളുകളെ എത്തിച്ചതും സിഖ് പതാക ഉയര്‍ത്തിയതും- എന്നാണ് ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

സമരത്തിലേക്ക് പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറിയെന്നും അവരാണ് അക്രമം അഴിച്ചുവിട്ടതെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കുകയുണ്ടായി. പിന്നാലെ ദീപ് സിദ്ദുവിന്‍റെ സമരത്തിലെ ഇടപെടലും അദ്ദേഹത്തിന്‍റെ ബിജെപി ബന്ധവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

എന്നാല്‍ സിഖ് പതാകയാണ് ചെങ്കോട്ടയില്‍ ഉയര്‍ത്തിയതെന്നും ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു വ്യക്തമാക്കി. പ്രതിഷേധത്തിന്‍റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നും ദീപ് സിദ്ദു പറഞ്ഞു.