30,000 രൂപയുടെ കടം വീട്ടാന്‍ വൃദ്ധനെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു; 'കോടീശ്വരന്റെ മകന്' പിടിയില്‍
തിങ്കളാഴ്ചയാണ് രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്

30,000 രൂപയുടെ കടം വീട്ടാന്‍ 65കാരനെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 22കാരന് പിടിയില്‍. ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടില്‍ ജീവിക്കുന്ന രാകേഷ് എന്ന യുവാവ് സുഹൃത്തുക്കളില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കുന്നതിനായി കൊലപാതകം നടത്തി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ബംഗളൂരുവിലെ ദേവനഹള്ളിയിലാണ് സംഭവം നടന്നത്. ക്രിക്കറ്റ് ബാറ്റ് കൊണ്ടാണ് വൃദ്ധനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ആഭരണങ്ങള്‍ കൈക്കലാക്കി ഇയാള്‍ സ്ഥലം വിടുകയായിരുന്നു.
തിങ്കളാഴ്ചയാണ് രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. മൂര്‍ത്തി എന്നയാളാണ് മരിച്ചത്. പ്രതിയായ രാകേഷിന്റെ പിതാവിന് ഏഴ് കോടിയുടെ ആസ്തിയുള്ളതായാണ് റിപ്പോര്‍ട്ട്. ജനുവരി 15നാണ് സംഭവം നടക്കുന്നത്. രാകേഷ് മൂര്‍ത്തിയെ പിന്നില്‍ നിന്ന് ആക്രമിച്ച ശേഷം ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു. പിന്നീട് കഴുത്തില്‍ കുത്തുകയും ചെയ്തു. തുടർന്ന് രാകേഷ് മൂർത്തിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ടു.
മൂര്‍ത്തിയെ കാണാത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് രാകേഷിന് കൊലപാതകത്തിലുള്ള പങ്ക് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.