LiveTV

Live

National

ഡല്‍ഹി യുദ്ധക്കളമായി; അമിത് ഷാ അടിയന്തര യോഗം വിളിച്ചു

പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഡല്‍ഹി യുദ്ധക്കളമായി; അമിത് ഷാ അടിയന്തര യോഗം വിളിച്ചു

കർഷക സമരത്തില്‍ രാജ്യതലസ്ഥാനം യുദ്ധക്കളമായതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയം അടിയന്തര യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. കര്‍ഷകരെ ഉടന്‍ ചര്‍ച്ചക്ക് വിളിച്ചേക്കും. പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

റിപബ്ലിക് ദിനത്തില്‍ ട്രാക്ടർ റാലിയുമായി എത്തിയ കർഷകർ ചെങ്കോട്ടയിൽ സമര പതാക ഉയർത്തി. പലയിടത്തും കർഷകരും പൊലീസും ഏറ്റുമുട്ടി. ഒരു കർഷകൻ മരിച്ചു. പൊലീസിന്‍റെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് കര്‍ഷകര്‍ ആരോപിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

ഡൽഹിയുടെ മൂന്ന് അതിർത്തികളില്‍ നിന്ന് പലവഴിയിലൂടെ എത്തിയ കർഷക റാലിയെ നേരിടാനാകാതെ ഡൽഹി പൊലീസ് കുഴങ്ങി. ബാരിക്കേഡുകളടക്കം പൊലീസ് തീർത്ത തടസ്സങ്ങളെല്ലാം വകഞ്ഞുമറ്റി കർഷക മുന്നേറ്റം. നഗര ഹൃദയത്തിലേക്ക് പ്രവേശനം തടഞ്ഞ് ബസുകൾ കൊണ്ട് പണിത പൊലീസ് മതിലും കർഷകർ ഇടിച്ചുനിരത്തി.

പലയിടങ്ങളിലും പൊലീസ് ഗ്രനേഡും ടിയർഗ്യാസും പ്രയോഗിച്ചെങ്കിലും കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അതും നിഷ്പ്രഭമായി. ഐടിഒ ജംഗ്ഷൻ അക്ഷരാർഥത്തിൽ യുദ്ധക്കളമായി. ഉച്ചയോടെ കർഷകർ ചെങ്കോട്ട കീഴടക്കി. മിനാരത്തിൽ സമര പതാക ഉയർത്തുകയായിരുന്നു.

ചെങ്കോട്ടയിലും പരിസരത്തും സമരക്കാർ തമ്പടിച്ചിരിക്കുകയാണ്. സമരം ദുർബലമാക്കാൻ ഡൽഹിയിലേക്കുള്ള പല റോഡുകളും അടച്ചു. ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. എന്നാൽ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. ആളിക്കത്തിയ കർഷക രോഷം ഇനി ഏതുവഴിയിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് രാജ്യം.