തമിഴ്നാടിന്റെ ഭാവി തീരുമാനിക്കുന്നത് നാഗ്പൂരിലെ നിക്കർവാലകളല്ലെന്നു രാഹുൽ ഗാന്ധി
"തമിഴ്നാടിന്റെ ഭാവി തീരുമാനിക്കുന്നത് ഇവിടുത്തെ യുവാക്കളായിരിക്കും"
നാഗ്പൂരിൽ നിന്നുള്ള നിക്കർവാലകളല്ല തമിഴ്നാടിന്റെ ഭാവി തീരുമാനിക്കുന്നതെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. വരാനിരിക്കുന്ന തമിഴ്നാട്ടിലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന റാലികളിൽ രാഹുൽ ബി.ജെ.പി.ക്കെതിരെ ആഞ്ഞടിച്ചു.
"തമിഴ്നാടിന്റെ ഭാവി തീരുമാനിക്കുന്നത് നാഗ്പൂരിലെ നിക്കർവാലകളല്ല. അവർ എത്ര റാലികൾ നടത്തിയാലും ശരി, തമിഴ്നാടിന്റെ ഭാവി തീരുമാനിക്കുന്നത് ഇവിടുത്തെ യുവാക്കളായിരിക്കും. " ധാരാപുരത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.
"ഇന്ത്യയുടെ അടിസ്ഥാന ശിലകളെ ഇല്ലാതാക്കാൻ നരേന്ദ്ര മോദിയെ നമ്മൾ അനുവദിക്കുകയില്ല. തമിഴ്നാട്ടിലെ സർക്കാരിനെ ബ്ളാക്മെയിൽ ചെയ്തു തമിഴ്നാട്ടിലെ ജനങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്ന് അദ്ദേഹം വിചാരിക്കുന്നു. എന്നാൽ തമിഴ്നാടിന്റെ ഭാവി നിർണയിക്കുക തമിഴ് ജനത മാത്രമായിരിക്കുമെന്നു അദ്ദേഹത്തിന് അറിയില്ല" രാഹുൽ പറഞ്ഞു.
മൂന്നു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനെത്തിയ രാഹുൽ കെ. കാമരാജ് , എം.ജി രാമചന്ദ്രൻ , എം.കരുണാനിധി, ജെ.ജയലളിത എന്നിവർക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. ഒറ്റ സംസ്കാരവും ഒറ്റ ഭാഷയും അടിച്ചേൽപ്പിക്കുക വഴി സംസ്ഥാനത്തെ ജനങ്ങളെ രണ്ടാംകിടക്കാരായി തരാം താഴ്ത്തുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് അദ്ദേഹം തന്റെ റോഡ്ഷോകളിൽ പറഞ്ഞു.