LiveTV

Live

National

ലോക്ക്ഡൗണിലെ ഓരോ മണിക്കൂറിലും ജോലി പോയത് 1.7 ലക്ഷം പേർക്ക്; സമ്പന്നരുടെ ആസ്തി വർധിച്ചത് 35 ശതമാനവും!

ലോക സാമ്പത്തിക ഫോറത്തിലാണ് ഓക്‌സ്‌ഫോം റിപ്പോർട്ട് അവതരിപ്പിച്ചത്

ലോക്ക്ഡൗണിലെ ഓരോ മണിക്കൂറിലും ജോലി പോയത് 1.7 ലക്ഷം പേർക്ക്; സമ്പന്നരുടെ ആസ്തി വർധിച്ചത് 35 ശതമാനവും!

ന്യൂഡൽഹി: കോവിഡ് മഹാമാരി രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയ്ക്കു മേൽ കനത്ത ആഘാതമേൽപ്പിച്ചെന്ന് ഓക്‌സ്ഫാം പഠനം. കോവിഡിൽ രാജ്യത്തെ സമ്പന്നരുടെ ആസ്തി കുതിച്ചു കയറിയെന്നും ദശലക്ഷക്കണക്കിന് സാധാരണക്കാർക്ക് തൊഴിൽ നഷ്ടമായെന്നും പഠനം പറയുന്നു. സ്വിറ്റ്‌സർലാൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ഓക്‌സ്‌ഫോം റിപ്പോർട്ട് അവതരിപ്പിച്ചത്.

ദ ഇനീക്വാലിറ്റി വൈറസ് (അസമത്വ വൈറസ്) എന്ന തലക്കെട്ടോടെയാണ് പഠനം. ലോക്ക്ഡൗൺ കാലത്ത് അതിസമ്പന്നരുടെ ആസ്തിയിൽ 35 ശതമാനം വർധനയുണ്ടായതായി പഠനം പറയുന്നു. എന്നാൽ 84 ശതമാനം കുടുംബങ്ങളിലും ഏതെങ്കിലും തരത്തിലുള്ള വരുമാന നഷ്ടമുണ്ടായി. ഏപ്രിലിൽ മാത്രം ഓരോ മണിക്കൂറിലും 1.7 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായും പഠനം വെളിപ്പെടുത്തി.

സമ്പന്നർ മുമ്പോട്ടു തന്നെ

2020 മാർച്ച് മുതൽ രാജ്യത്തെ നൂറ് അതിസമ്പന്നരുടെ ആസ്തി വർധിച്ചു വരികയാണ് എന്നാണ് ഓക്‌സ്ഫാം പറയുന്നത്. ഇന്ത്യയിലെ 14 കോടി ദരിദ്രരിലെ ഓരോരുത്തർക്കും 94,045 രൂപയുടെ ചെക്ക് നൽകാൻ മാത്രം ആസ്തി വർധനയാണ് സമ്പന്നർക്ക് ഉണ്ടായിട്ടുള്ളത്. മുകേഷ് അംബാനി അടക്കം നൂറ് സമ്പന്നരുടെ ആസ്തിയിൽ 13 ലക്ഷം കോടിയാണ് വർധിച്ചത്.

രാജ്യത്തെ അസമത്വം അതിതീവ്രമാണ്. കോവിഡ് കാലത്ത് മുകേഷ് അംബാനിക്ക് ഒരു മണിക്കൂറിൽ കിട്ടിയ പണം ഒരു അവിദഗ്ദ്ധ തൊഴിലാളിക്ക് ലഭിക്കണമെങ്കിൽ പതിനായിരം വർഷങ്ങൾ വേണ്ടി വരും. ഒരു സെക്കൻഡിൽ ഉണ്ടാക്കിയ പണം കൈയിലെത്തണമെങ്കിൽ മൂന്നു വർഷം തൊഴിലെടുക്കേണ്ടി വരും
ഓക്‌സ്ഫാം

ഭീതിതമായ തൊഴിൽ നഷ്ടം

ഓരോ മണിക്കൂറിലും ശരാശരി 1.7 ലക്ഷം പേർക്കാണ് ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടമായത്. എന്നാൽ കുമാരമംഗലം ബിർള, ഗൗതം അദാനി, അസിം പ്രേംജി, സുനിൽ മിത്തൽ, ശിവ് നാടാർ, ലക്ഷ്മി മിത്തൽ, സിറസ് പൂനവാല, രാധാകൃഷ്ണ ധമാനി തുടങ്ങിയവരുടെ ആസ്തികളിൽ വൻ വർധനയുണ്ടാകുകയും ചെയ്തു.

റിപ്പോർട്ട് പ്രകാരം 12.2 ദശലക്ഷം പേർക്കാണ് കോവിഡ് മൂലം ജോലി നഷ്ടമായത്. ഇതിൽ 75 ശതമാനം തൊഴിൽനഷ്ടവും അസംഘടിത മേഖലയിലാണ്. ഇതുകൂടെ മുന്നൂറിലേറെ അസംഘടിത തൊഴിലാളികൾ ദാരിദ്ര്യം, ആത്മഹത്യ, റോഡ് അപകടം, പൊലീസ് ക്രൂരത എന്നിവ മൂലം മരിച്ചു. 2582 കേസുകൾ ദേശീയ മനുഷ്യാവകാശ കമ്മിഷൻ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ട് പറയുന്നു.

കുതിച്ചു കയറി മസ്‌കും ബെസോസും

കോവിഡ് കാലത്ത് ആഗോള സമ്പന്നരുടെ ആസ്തിയിൽ 19 ശതമാനം വർധനയാണ് ഉണ്ടായത്. ഈ വർഷം മാത്രം ലോകത്തെ 500 അതിസമ്പന്നർ നേടിയത് 809 ബില്യൺ യുഎസ് ഡോളറാണ്. നൂറ് ദശലക്ഷം പേർ ദാരിദ്ര്യത്തിലേക്ക് വീഴുകയും ചെയ്തു.

ജെഫ് ബെസോസിന്റെ ആസ്തിയിൽ 185.5 ബില്യൺ ഡോളറിന്റെയും ഇലോൺ മസ്‌കിന്റെ സമ്പത്തിൽ 197.2 ബില്യൺ ഡോളറിന്റെയും വർധനയാണ് ഉണ്ടായത്. 2020 ഡിസംബർ വരെ 72 ശതമാനം വർധനയാണ് മുകേഷ് അംബാനിയുടെ സമ്പത്തിലുണ്ടായത്.