ഗവര്‍ണര്‍ക്ക് കങ്കണയെ കാണാന്‍ സമയമുണ്ട്, കര്‍ഷകരെ കാണാന്‍ സമയമില്ല: ശരദ് പവാര്‍
കര്‍ഷകര്‍ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു

മുംബൈ: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മുംബൈയിലെ ആസാദ് മൈതാനിയില്‍ കര്‍ഷകരുടെ കൂറ്റന്‍ പ്രതിഷേധം. ഡല്‍ഹിയില്‍ സമരമിരിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. എന്‍സിപി നേതാവ് ശരദ് പവാര്‍ അടക്കമുള്ള നേതാക്കള്‍ കര്‍ഷകരുമായി സംവദിച്ചു.
അറുപത് ദിവസമായി തണുപ്പും ചൂടും മഴയും വകവയ്ക്കാതെ യുപി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരമിരിക്കുകയാണ്. പഞ്ചാബിലെ കര്‍ഷകരാണ് അവര്‍ എന്നാണ് കേന്ദ്രം പറയുന്നത്. ഇവര്‍ പാകിസ്താനിലെ പഞ്ചാബികളാണോ? അവരും നമ്മുടേതാണ്- പവാര്‍ പറഞ്ഞു.
മഹാരാഷ്ട്ര ഗവര്‍ണറെയും പവാര്‍ വിമര്‍ശിച്ചു. കര്‍ഷകരെ കാണാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിക്ക് സമയമില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ഇത്തരത്തില്‍ ഒരു ഗവര്‍ണറെ കണ്ടിട്ടില്ല. അദ്ദേഹത്തിന് കങ്കണ റണൗട്ടിനെ കാണാന്‍ സമയമുണ്ട്. കര്‍ഷകരെ കാണാന്‍ സമയമില്ല. നിങ്ങളോട് സംസാരിക്കാന്‍ അദ്ദേഹം ഇവിടെ വേണ്ടിയിരുന്നു. എന്നാല്‍ അദ്ദേഹമില്ല- പവാര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ കര്‍ഷകര്‍ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭഗത് സിങ് കോഷ്യാരി ഗോവയിലേക്ക് പോകുകയായിരുന്നു.