'എല്ലാവരും പ്രാര്‍ഥിക്കണം, ആശുപത്രിയിലേക്ക് വരരുത്': ലാലുവിന്റെ ആരോഗ്യനിലയെ കുറിച്ച് അണികളോട് തേജസ്വി യാദവ്
ലാലു പ്രസാദ് യാദവ് ഐസിയുവിലാണെന്നും ആര്‍ക്കും ഇപ്പോള്‍ കാണാന്‍ അനുമതിയില്ലെന്നും തേജസ്വി യാദവ്

ഡല്‍ഹി എയിംസില്‍ ചികിത്സയിലുള്ള ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് മകൻ തേജസ്വി യാദവ്. ഐസിയുവിലാണ് അദ്ദേഹമുള്ളത്. ഈ സാഹചര്യത്തിൽ അണികൾ ഒരു കാരണവശാലും എഐഐഎംഎസിലേക്ക് വരരുത്. അദ്ദേഹത്തെ ഇപ്പോള്‍ ആര്‍ക്കും കാണാന്‍ അനുമതിയില്ല. ലാലുവിനായി പ്രാർഥിക്കണമെന്നും തേജസ്വി അണികളോട് ആവശ്യപ്പെട്ടു.
കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ലാലുവിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആദ്യം റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന് ശ്വസന സംബന്ധമായ പ്രശ്നങ്ങളുണ്ട്. ന്യൂമോണിയയും സ്ഥിരീകരിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ റാബ്റി ദേവിയും മകന് തേജസ്വി യാദവും ആശുപത്രിയില്‍ ഒപ്പമുണ്ട്.