LiveTV

Live

National

മോദിയിരിക്കുന്ന വേളയില്‍ ജയ് ശ്രീരാം വിളി; ക്ഷുഭിതയായി പ്രസംഗം നിര്‍ത്തി മമത

'ഇവിടെ ക്ഷണിച്ചു വരുത്തി അപമാനിക്കരുത്. ഇത് രാഷ്ട്രീയ പരിപാടിയല്ല'

മോദിയിരിക്കുന്ന വേളയില്‍ ജയ് ശ്രീരാം വിളി; ക്ഷുഭിതയായി പ്രസംഗം നിര്‍ത്തി മമത

കൊല്‍ക്കത്ത: വിക്ടോറിയ മെമ്മോറിയലില്‍ നടന്ന നേതാജി അനുസ്മരച്ചടങ്ങില്‍ പ്രസംഗിക്കാന്‍ വിസമ്മതിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സദസ്സില്‍ നിന്ന് ജയ് ശ്രീറാം വിളി ഉയര്‍ന്നതാണ് മമതയെ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും അപ്പോള്‍ വേദിയിലുണ്ടായിരുന്നു.

'ഇവിടെ ക്ഷണിച്ചു വരുത്തി അപമാനിക്കരുത്. ഇത് രാഷ്ട്രീയ പരിപാടിയല്ല. ഒരു സര്‍ക്കാര്‍ പരിപാടിക്ക് ആരെയെങ്കിലും ക്ഷണിച്ചാല്‍ അവരെ നിങ്ങള്‍ അപമാനിക്കരുത്' - പ്രസംഗം ചുരുക്കി മമത പറഞ്ഞു.

മമത സംസാരിക്കാന്‍ തുടങ്ങിയത് മുതല്‍ മുദ്രാവാക്യങ്ങളുടെ ബഹളമായിരുന്നു. ശാന്തരായിരിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടെങ്കിലും ബഹളം ശക്തമായി. ഒടുവില്‍ അവര്‍ ആള്‍ക്കൂട്ടത്തോട് അല്‍പ്പം അന്തസ്സു കാണിക്കണമെന്ന് ആവശ്യപ്പെട്ടു. ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുകയും ചെയ്തു.

മമതയ്ക്ക് ശേഷം പ്രസംഗം ആരംഭിച്ച മോദി മുഖ്യമന്ത്രിയെ ബെഹന്‍ (സഹോദരി) എന്നാണ് വിശേഷിപ്പിച്ചത്. മോദി സംസാരിക്കുന്ന വേളയില്‍ ജയ് ശ്രീരാം വിളി ഇല്ലാതായി. ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങള്‍ ഉയരുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, വിഷയത്തില്‍ രാഷ്ട്രീയപ്പോരുമായി ബിജെപിയും തൃണമൂലും രംഗത്തെത്തി. നേതാജിയുടെ ഓര്‍മകളെ മമത അപമാനിച്ചുവെന്നും ബംഗാള്‍ ഇതു പൊറുക്കില്ല എന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.

നിങ്ങള്‍ മര്യാദ പഠിപ്പിക്കേണ്ട എന്നായിരുന്നു ഇതിന് തൃണമൂല്‍ എംപി ഡെറക് ഒബ്രയാന്റെ തിരിച്ചടി. വിദ്യാഭ്യാസമില്ലാത്ത വിഡ്ഢികളായ ബിജെപി പ്രവര്‍ത്തകര്‍ക്ക് മാത്രമേ ഇതിനെ ന്യായീകരിക്കാന്‍ പറ്റൂ എന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്.