LiveTV

Live

National

ഉത്തർ പ്രദേശിൽ മതപരിവർത്തന നിരോധ നിയമപ്രകാരം പതിനേഴുകാരനെതിരെ കേസ്

നിയമം പാസാക്കിയിട്ട് ഇതാദ്യമായാണ് പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെ കേസെടുക്കുന്നത്

ഉത്തർ പ്രദേശിൽ മതപരിവർത്തന നിരോധ നിയമപ്രകാരം പതിനേഴുകാരനെതിരെ കേസ്

ഉത്തർ പ്രദേശിലെ വിവാദപരമായ മതപരിവർത്തന നിരോധ നിയമ പ്രകാരം പതിനേഴുകാരനെതിരെ കേസ്. മരുന്ന് വാങ്ങാൻ പോയ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. കഴിഞ്ഞയാഴ്ച ആദ്യമാണ് കേസിനാസ്പദമായ സംഭവം. നിയമം പാസാക്കിയിട്ട് ഇതാദ്യമായാണ് പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെ കേസെടുക്കുന്നത്.

വെള്ളിയാഴ്ചയാണ് പോലീസ് പതിനേഴുകാരനെ പിടികൂടിയത്. പിടിയിലാകുമ്പോൾ ഇദ്ദേഹത്തിന്റെ കൂടെ പെൺകുട്ടിയുമുണ്ടായിരുന്നു . ഇരുവരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കുകയും ആൺകുട്ടിയെ പ്രൊട്ടക്ഷൻ ഹോമിലേക്ക് അയക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്‍ച്ച മരുന്ന് വാങ്ങാൻ കടയിലേക്കു പോയ പെൺകുട്ടി അടുത്ത ഗ്രാമത്തിലെ പയ്യന്റെ കൂടെ വൈകീട്ടോടെ ഒരു കാറിൽ കയറി പോകുന്നത് കണ്ടുവെന്ന് നാട്ടുകാരിലൊരാൾ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. ഇക്കാര്യം പെൺകുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ലഖ്നോവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ അച്ഛൻ വിവരമറിഞ്ഞ് നാട്ടിലെത്തി.

പിറ്റേദിവസം പെൺകുട്ടിയുടെ അമ്മ പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. കല്യാണം കഴിക്കാമെന്നു പറഞ്ഞു തന്റെ മകളെ തട്ടിക്കൊണ്ടു പോയെന്നും അവളെ മതം മാറ്റിപ്പിക്കാൻ സാധ്യതയുണ്ടെന്നും അവർ പരാതിയിൽ പറഞ്ഞു. അമ്മയുടെ പരാതിയിൽ ആൺകുട്ടിക്കും അതേ പ്രായത്തിലുള്ള രണ്ടു സുഹൃത്തുക്കൾക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തു. തന്റെ മകൾ ഇതുവരെ ഈ പയ്യനെ കുറിച്ച് തന്നോട് പറഞ്ഞിട്ടില്ലെന്നും അമ്മ പറഞ്ഞു.

പതിനേഴു ജില്ലകളിലായി ഇതുവരെ പത്തൊമ്പത് കേസുകളാണ് സംസ്ഥാനത്ത് മതപരിവർത്തന നിരോധ നിയമപ്രകാരം എടുത്തിട്ടുള്ളത്.