യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ രാജി വെച്ചു
ബംഗാളിൽ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ സെക്യുലർ ഫ്രണ്ടുമായി സാബിർ ഗഫാർ സഹകരിക്കും
യൂത്ത്ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ രാജിവെച്ചു. മുസ്ലീംലീഗ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണം. ബംഗാളില്‍ ആത്മീയ നേതാവ് അബ്ബാസ് സിദ്ദീഖി രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയിൽ സാബിർ ഗഫാർ അംഗമാകും.
കേരളത്തിന് പുറത്തുള്ള മുസ്ലീംലീഗ് നേതാക്കളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാളായിരുന്നു രാജിവെച്ച യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് സാബിര്‍ ഗഫാര്‍. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് നേതൃത്വവുമായി നിലനില്ക്കുന്നഅകല്ച്ചയാണ് രാജിയിലെത്തിച്ചത്.
ബംഗാളിലെ ഫുര്‍ഫുറ ഷെരീഫ് നേതാവായ അബ്ബാസ് സിദ്ദീഖ് രൂപികരിക്കുന്ന ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടെന്ന രാഷ്ട്രീയപാര്‍ട്ടിയുമായി സഖ്യം വേണമെന്ന നിലപാടായിരുന്നു സാബിറിന്. പക്ഷെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടും അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയും സഖ്യത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് അവര്‍ക്കൊപ്പം കൂടില്ലെന്ന നിലപാട് ലീഗ് ദേശീയ നേതൃത്വമെടുത്തു. ഇതോടെയാണ് രാജിവെക്കാനും പുതിയ പാര്‍ട്ടിയില്‍ ചേരാനും സാബിര്‍ തീരുമാനിച്ചത്. ഇന്ന് പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനിലേക്ക് വിളിക്കാതിരുന്നതും പെട്ടെന്നുള്ള രാജിക്ക് കാരണമായി.