ജയ് ശ്രീ റാം വിളിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍; പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധിച്ച് മമത
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനം ആഘോഷപരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി കൊല്‍ക്കത്തയിലെത്തിയത്

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കാന്‍ വിസമ്മതിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം വിളിച്ചതിനെ തുടര്‍ന്നാണ് മമത താന്‍ പ്രസംഗിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയല്‍ സന്ദര്‍ശിക്കാനെത്തിയപ്പോളാണ് സംഭവം. തടിച്ചുകൂടിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം മുഴക്കുകയായിരുന്നു. മമത പ്രസംഗം തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് മുദ്രാവാക്യം വിളി ഉയർന്നത്. ഉടനെ മമത പ്രസംഗം നിർത്തി.
''ഒരു സര്‍ക്കാര്‍ പരിപാടിയുടെ മാന്യത ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നുന്നു. ഇതൊരു രാഷ്ട്രീയ പാര്‍ട്ടി പരിപാടിയല്ല'' പ്രകോപിതയായ മമത സദസിലുള്ളവരോടായി പറഞ്ഞു. പ്രസംഗം തുടരാതെ അവർ തന്റെ കസേരയിലേക്ക് മടങ്ങിപ്പോയിരുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനം ആഘോഷപരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി കൊല്‍ക്കത്തയിലെത്തിയത്.