LiveTV

Live

National

ഗീത ഗോപിനാഥിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍, സെക്‌സിസ്റ്റ് പരാമര്‍ശമെന്ന് സോഷ്യല്‍ മീഡിയ

മത്സരാര്‍ത്ഥിയോട് ചിത്രത്തില്‍ കാണുന്ന സാമ്പത്തിക വിദഗ്ധ ഏത് സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റെന്നായിരുന്നു ബച്ചന്റെ ചോദ്യം

ഗീത ഗോപിനാഥിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍, സെക്‌സിസ്റ്റ് പരാമര്‍ശമെന്ന് സോഷ്യല്‍ മീഡിയ

കോന്‍ ബനേഗാ ക്രോര്‍പതിക്കെതിരെ അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്)യുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീത ഗോപിനാഥിനെപ്പറ്റി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശം.

മത്സരാര്‍ത്ഥിയോട് ചിത്രത്തില്‍ കാണുന്ന സാമ്പത്തിക വിദഗ്ധ ഏത് സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റെന്നായിരുന്നു ബച്ചന്റെ ചോദ്യം. ഗീത ഗോപിനാഥിന്റെ ചിത്രവും ചോദ്യത്തോടൊപ്പം നല്‍കിയിരുന്നു. സ്‌ക്രീനില്‍ ഗീത ഗോപിനാഥിന്റെ ചിത്രം വന്നപ്പോള്‍ ബച്ചന്‍ നടത്തിയ പരാമര്‍ശമാണ് രൂക്ഷവിമര്‍ശനത്തിനിടയാക്കിയത്. ആ കുട്ടിയുടെ മുഖം വളരെ മനോഹരമാണ്. സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് പെട്ടെന്ന് ആരും പറയില്ല, എന്നായിരുന്നു ബച്ചന്റെ പ്രസ്താവന.

"തനിക്ക് ഈ നിമിഷത്തെ മറികടന്ന് മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അമിതാഭ് ബച്ചന്റെ കടുത്ത ആരാധികയാണ് ഞാന്‍. എക്കാലത്തെയും ഇതിഹാസ താരമാണ് അദ്ദേഹം. ഇത് വളരെയധികം പ്രത്യേകതകള്‍ ഉള്ളതാണെന്നും" ഗീത ട്വീറ്റ് ചെയ്തു. ഗീതയുടെ ട്വീറ്റിന് പിന്നാലെ ബിഗ്ബിയുടെ മറുപടിയുമെത്തി. "നന്ദി ഗീതാ ഗോപിനാഥ് ജി. ആ ഷോയില്‍ ഞാന്‍ നിങ്ങളെ കുറിച്ച് പറഞ്ഞതെല്ലാം സത്യസന്ധമായി മനസ്സില്‍ തട്ടി പറഞ്ഞതാണെ"ന്നും ബച്ചന്‍ മറുപടി നല്‍കി.

അമിതാഭ് ബച്ചന്‍ ഷോയില്‍ സെക്‌സിസ്റ്റ് പരാമര്‍ശം നടത്തിയെന്ന് വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചു. ഗീത ഗോപിനാഥ് എന്ന വ്യക്തിയുടെ നേട്ടങ്ങള്‍ പറയാതെ സൗന്ദര്യത്തെയാണ് ബച്ചന്‍ ഷോയില്‍ പറഞ്ഞത്. ഇത് ശരിയായില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നു.

അദ്ദേഹം അത്തരമൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. രഘുറാം രാജനോ കൗശിക് ബസുവോ ആയിരുന്നെങ്കില്‍ അത്തരമൊരു പരാമര്‍ശം അമിതാഭ് ബച്ചന്‍ നടത്തില്ലായിരുന്നു. എന്തായാലും നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഒരു പ്രതികരണം.

2019 മുതല്‍ ഐ.എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റാണ് ഗീത. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും അവരാണ്. രഘുറാം രാജന് ശേഷം ആ പദവി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയും ഗീതാ ഗോപിനാഥാണ്.