മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇസഡ് പ്ലസ് സുരക്ഷ നല്കി കേന്ദ്രം
വിരമിക്കുന്നതിന് മുമ്പ് ഒട്ടേറെ വിവാദമായ കേസുകളില്‍ ഗൊഗോയ് വിധി പ്രസ്താവിച്ചിരുന്നു

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇസഡ് പ്ലസ് വി.ഐ.പി സുരക്ഷ നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഗൊഗോയിക്ക് 8 മുതല്‍ 12 വരെ സി.ആർ.പി.എഫ് കമാൻഡോകളുടെ സുരക്ഷ ലഭിക്കും. അദ്ദേഹത്തിൻ്റെ വസതിക്കും ഓഫീസിനും പ്രത്യേക സുരക്ഷയും ഉണ്ടാകും.
അദ്ദേഹത്തിന് ഇനി മുതല്‍ സി.ആര്.പി.എഫിന്റെ മുഴുവന്‍ സമയ സംരക്ഷണ വലയമുണ്ടാകും. യാത്രാ വേളയിലും വീട്ടിലും പ്രത്യേക സുരക്ഷയൊരുക്കും. രാജ്യസഭാ അംഗമായ രഞ്ജന്‍ ഗൊഗോയ്ക്ക് നിലവില്‍ ദില്ലി പോലീസിന്റെ സുരക്ഷയാണുള്ളത്.
2019 നവംബര്‍ 29നാണ് രഞ്ജന്‍ ഗൊഗോയ് വിരമിച്ചത്. തുടര്‍ന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു.
ബാബരി ഭൂമി തര്‍ക്ക കേസില്‍ വിധി പ്രഖ്യാപിച്ച ശേഷമാണ് ഗൊഗോയ് വിരമിച്ചത്. ബാബരി മസ്ജിദ് തകർക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിർമിക്കാൻ വിട്ടുനൽകണമെന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ വിധി. വിരമിക്കുന്നതിന് മുമ്പ് ഒട്ടേറെ വിവാദമായ കേസുകളില്‍ ഗൊഗോയ് വിധി പ്രസ്താവിച്ചിരുന്നു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന രാജ്യത്തെ 63ാമത്തെ വ്യക്തിയാണ് രഞ്ജന്‍ ഗൊഗോയ്.