LiveTV

Live

National

റഫാലില്‍ ഇന്ത്യയെ സഹായിക്കാന്‍ യുഎഇ; സൈനിക ബന്ധത്തില്‍ പുതിയ വഴിത്തിരിവ്

ഇരുരാഷ്ട്രങ്ങളുടെയും സൈനിക സഹകരണത്തിലെ പുതിയ അധ്യായമായാണ് ഇതു കരുതപ്പെടുന്നത്

റഫാലില്‍ ഇന്ത്യയെ സഹായിക്കാന്‍ യുഎഇ; സൈനിക ബന്ധത്തില്‍ പുതിയ വഴിത്തിരിവ്

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്ന റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്തെത്തിക്കാന്‍ ഇന്ത്യയ്ക്ക് സഹായം നല്‍കി യുഎഇ. ഈ മാസം അവസാനം ഫ്രാന്‍സില്‍ നിന്ന് വരുന്ന മൂന്ന് യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്തു വച്ച് ഇന്ധനം നിറക്കാനുള്ള സൗകര്യമാണ് യുഎഇ വ്യോമസേന ഒരുക്കുന്നത്. ഇരുരാഷ്ട്രങ്ങളുടെയും സൈനിക സഹകരണത്തിലെ പുതിയ അധ്യായമായാണ് ഇതു കരുതപ്പെടുന്നത്.

ഫ്രാന്‍സിലെ ബോഡെക്‌സ്-മെറിഗ്നാക് വ്യോമതാവളത്തില്‍ നിന്നാണ് ഹരിയാനയിലെ അംബാല ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രനിലേക്ക് യുദ്ധവിമാനങ്ങളെത്തുന്നത്. നിര്‍ത്താതെ എട്ട് മണിക്കൂറാണ് വിമാനങ്ങളുടെ യാത്രാ സമയം. പറക്കലിനിടെ രണ്ടു തവണയാണ് യുഎഇ വ്യോമസേനയുടെ എയര്‍ബസ് മള്‍ട്ടി-റോള്‍ ട്രാന്‍സ്‌പോട്ടര്‍ ടാങ്കര്‍ (എംആര്‍ടിടി) റഫാലില്‍ ഇന്ധനം നിറയ്ക്കുക. ജൂലൈ 29ന് ഇന്ത്യയിലെത്തിയ അഞ്ചു റഫാലെ വിമാനങ്ങളില്‍ നാലു തവണ ഇന്ധനം നിറച്ചത് ഫ്രഞ്ച് എയര്‍ബസ് എംആര്‍ടിടിയായിരുന്നു.

ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കുന്നു
ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കുന്നു

ഗള്‍ഫ് രാഷ്ട്ര നേതാക്കളുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു സഹകരണം വ്യോമതലത്തില്‍ ഉണ്ടാകുന്നത്. ഫ്രാന്‍സ്, യുഎഇ, ഇന്ത്യ എന്നിവര്‍ ഉള്‍പ്പെട്ട ത്രിരാഷ്ട്ര സംയുക്ത സൈനികാഭ്യാസവും വൈകാതെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഫ്രഞ്ച് നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോനെയും ചര്‍ച്ച നടത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ മധ്യത്തില്‍ ഇന്ത്യയിലേക്ക് വരുന്ന ഏഴു റഫാല്‍ വിമാനങ്ങള്‍ക്കും യുഎഇ വിമാനങ്ങള്‍ തന്നെയാണ് മിഡ്എയര്‍ ഇന്ധനം നിറയ്ക്കുക.

അതിനിടെ, ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ റഫാലെ യുദ്ധവിമാനങ്ങള്‍ കൂടി ഭാഗഭാക്കാകും. വ്യോമസേനാ വക്താവ് ഇന്ദ്രാണി നന്ദിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് മുമ്പ് ജോധ്പൂരില്‍ ഇന്തോ-ഫ്രാന്‍സ് സംയുക്ത വ്യോമാഭ്യാസവും നടക്കുന്നുണ്ട്.