LiveTV

Live

National

കോവിഡ് വാക്സിന്‍ നിര്‍മിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം; അഞ്ച് മരണം

ബിസിജി വാക്സിൻ നിർമിക്കുന്ന മഞ്ജരി വിഭാഗത്തിലെ നാലാം നിലയില്‍ നിന്നാണ് തീ പടർന്നത്.

കോവിഡ് വാക്സിന്‍ നിര്‍മിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം; അഞ്ച് മരണം

കോവിഷീല്‍ഡ് വാക്സിന്‍ നിർമാണ കമ്പനിയായ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തില്‍ 5 തൊഴിലാളികള്‍ മരിച്ചു. ബിസിജി വാക്സിൻ നിർമിക്കുന്ന മഞ്ജരി വിഭാഗത്തിലെ നാലാം നിലയില്‍ നിന്നാണ് തീ പടർന്നത്. കെട്ടിടത്തില്‍ നടന്നിരുന്ന വെല്‍ഡിങാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് ഉച്ചയോടെയാണ് തീപടർന്നത്. ടെർമിനല്‍ ഒന്നിലെ ബിസിജി വാക്സിൻ നിർമ്മിക്കുന്ന മഞ്ജരി വിഭാഗത്തിലെ 4 ,5, 6 നിലകള്‍ കത്തിനശിച്ചു. മൂന്ന് മണിക്കൂറെടുത്താണ് തീ അണച്ചത്. ശാസ്ത്രജ്ഞരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ അറിയിച്ചിരുന്നു. തൊഴിലാളികളുടെ മരണ വിവരം ആരോഗ്യ മന്ത്രി രാജേഷ് തോപ്പെയും പുനെ മേയർ മുരളിധർ മോഹോളുമാണ് സ്ഥിരീകരിച്ചത്. പിന്നീട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ആദാർ പൂനെവാലയും ട്വീറ്റ് ചെയ്തു. കോവിഷീല്‍ഡ് നിർമ്മാണം മറ്റൊരു കെട്ടടത്തിലായതിനാല്‍ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

15 ഫയർ എഞ്ചിനുകളും എന്‍ഡിആര്‍എഫ് ടീമും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആവശ്യമായ എല്ലാ തുടർനടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാർ സംഭവ സ്ഥലം സന്ദർശിച്ചു. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ അപകടം സംബന്ധിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ തേടി. വാക്സിന്‍ പരീക്ഷണം വിലിരുത്താന്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ച കെട്ടിടമാണിത് മഞ്ജരി.

ഓക്സ്ഫോര്‍ഡും ആസ്ട്രാ സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്നത്. 100 ഏക്കറിലായി പരന്നുകിടക്കുന്ന സ്ഥാപനം ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാണ കേന്ദ്രമാണ്.