രാമക്ഷേത്ര നിര്‍മാണത്തിന് ഗംഭീറിന്റെ വക ഒരു കോടി
10, 100, 1000 എന്നിങ്ങനെയുള്ള തുകകളുടെ കൂപ്പണ്‍ ഉപയോഗിച്ചാണ് പിരിവ് നടക്കുന്നത്

അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് ഒരു കോടി രൂപ സംഭാവന നല്കി ബി.ജെ.പി എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. തന്റെയും കുടുംബത്തിന്റെയും വകയാണ് ഈ തുകയെന്ന് ഗംഭീര്‍ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത് എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നമാണെന്നും ഗംഭീര്‍ അവകാശപ്പെട്ടു. ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി പാര്‍ലമെന്റ് അംഗമാണ് ഗംഭീര്‍.
'രാമക്ഷേത്രം എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹമാണ്. നീണ്ട കാലത്തെ പ്രശ്നത്തിന് ഇപ്പോള്‍ പരിഹാരമായിരിക്കുന്നു. ഈ ഉദ്യമത്തിലേക്ക് എന്റെയും കുടുംബത്തിന്റെയും ചെറിയ സംഭാവനയാണിത്' ഗംഭീര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ബി.ജെ.പി രാമക്ഷേത്ര നിര്‍മാണത്തിന് പിരിവ് ആരംഭിച്ചിട്ടുണ്ട്. 10, 100, 1000 എന്നിങ്ങനെയുള്ള തുകകളുടെ കൂപ്പണ്‍ ഉപയോഗിച്ചാണ് പിരിവ് നടക്കുന്നത്. സാധ്യമായ തുക എല്ലാ കുടുംബങ്ങള്‍ക്കും നല്‍കാമെന്ന് ഡല്‍ഹി ബി.ജെ.പി ജനറല്‍ സെക്രട്ടറി കുല്‍ജീത് ചഹല്‍ പറഞ്ഞു.
സംഘപരിവാര്‍ സംഘടനകളാണ് വിവിധ സംസ്ഥാനങ്ങളില്‍ രാമക്ഷേത്രത്തിന് വേണ്ടി പിരിവ് നടത്തുന്നത്. ആര്.എസ്.എസും വി.എച്ച്.പിയും പിരിവ് തുടരുകയാണ്.