തലൈവര്‍ വരില്ല; രജനി മക്കള്‍ മണ്ട്രം നേതാക്കള്‍ ഡി.എം.കെയിലേക്ക്
തൂത്തുക്കുടി, രാമനാഥപുരം, തേനി, കൃഷ്ണഗിരി ജില്ലകളിലെ സെക്രട്ടറിമാരാണ് രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെയില്‍ അംഗത്വം എടുത്തത്.

തമിഴ്നാട്ടില്‍ രജനീകാന്തിന്റെ ഔദ്യോഗിക ആരാധക സംഘടനയായ രജനി മക്കള്‍ മണ്ട്രത്തിന്റെ നാല് സംസ്ഥാന ഭാരവാഹികള്‍ ഡി.എം.കെയില്‍ ചേര്‍ന്നു. തൂത്തുക്കുടി, രാമനാഥപുരം, തേനി, കൃഷ്ണഗിരി ജില്ലകളിലെ സെക്രട്ടറിമാരാണ് രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെയില്‍ അംഗത്വം എടുത്തത്.
2020 അവസാനമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് ഉറച്ച തീരുമാനമെടുത്തത്. ആരാധകരോട് ക്ഷമ ചോദിക്കുന്നതായും എന്നും ജനങ്ങളെ സേവിക്കാന്‍ മുന്നില്‍ ഉണ്ടാകുമെന്നും താരം പറഞ്ഞിരുന്നു.
രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനി ആവര്‍ത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് രജനി ആരാധകരുടെ രംഗപ്രവേശമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനി മക്കള്‍ മന്‍ട്രത്തിന്റെ തൂത്തുകുടി ജില്ലാ സെക്രട്ടറി എ.ജോസഫ് സ്റ്റാലിന്, രാമനാഥപുരം ജില്ലാ സെക്രട്ടറി കെ സെന്തില്‍ സെല്‍വനാഥ്, തേനി ജില്ലാ സെക്രട്ടറി ആര് ഗണേഷന്, കെ ശരവണന്, എ സെന്തിവേല്‍, എസ് മുരുകാനന്ദം തുടങ്ങിയ പ്രധാന രജനി മക്കള്‍ മണ്ട്രം പ്രവര്‍ത്തകരാണ് ഡി.എം.കെയില്‍ ചേര്‍ന്നത്. രജനിയുടെ ആരാധന സംഘടനയില്‍ നിന്ന് പാര്‍ട്ടിയിലേക്കെത്തിയവരെ ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന് മാലയിട്ട് സ്വീകരിച്ചു.

വിജയകാന്തിന്റെ പാര്‍ട്ടിയായ ഡി.എം.ഡി.കെയില്‍ നിന്ന് മൂവായിരത്തോളം പ്രവര്‍ത്തകരും ഡിഎംകെയില്‍ ചേര്‍ന്നതായി ഡി.എം.കെ അവകാശപ്പെട്ടു. പാര്ട്ടിയിലെത്തിയവര്ക്കുള്ള സ്വീകരണം നല്കല് ചടങ്ങില്‍ എം.കെ സ്റ്റാലിന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.