LiveTV

Live

National

കർഷക സമരക്കാർക്കെതിരെ എൻ.ഐ.എയുടെ സമൻസ്: ചോദ്യം ചെയ്യൽ ഇന്നും നാളെയും, ഹാജരാകില്ലെന്ന് എൽ.ബി.ഡബ്ള്യു.എസ് നേതാവ്

കലാകാരന്മാർ, ഡ്രൈവർമാർ, മാധ്യമപ്രവർത്തകർ തുടങ്ങി ഒരു ഡസണിലധികം പേർക്കും സമൻസ് ലഭിച്ചിട്ടുണ്ട്.

കർഷക സമരക്കാർക്കെതിരെ എൻ.ഐ.എയുടെ സമൻസ്: ചോദ്യം ചെയ്യൽ ഇന്നും നാളെയും, ഹാജരാകില്ലെന്ന് എൽ.ബി.ഡബ്ള്യു.എസ് നേതാവ്

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരിൽ എൻ.ഐ.എ സമൻസ് ലഭിച്ചവർ ഇന്നും നാളെയുമായി ചോദ്യം ചെയ്യലിന് ഹാജരാകും. ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായി ബന്ധപ്പെട്ട കേസിലെ സാക്ഷികളെന്ന നിലയിലാണ് ചോദ്യം ചെയ്യൽ. എന്നാൽ, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് എൽ.ബി.ഡബ്ള്യു.എസ് നേതാവ് ബൽദേവ് സിങ് സിർസ പ്രതികരിച്ചു.

സുപ്രീംകോടതി രൂപീകരിച്ച സമിതിയിലെ നിലവിലെ അംഗങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.കെ.യു ലോക്ശക്തി സത്യവാങ്മൂലം നല്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 15ന് രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസിലാണ് കർഷക നേതാക്കൾ അടക്കമുള്ളവരോട് ഇന്നും നാളെയുമായി ഡെൽബി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ.ഐ.എ ആവശ്യപ്പെട്ടത്.

രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാൻ ഖാലിസ്ഥാൻ അനുകൂല സംഘടനകളായ സിഖ് ഫോർ ജസ്റ്റിസ്, ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ്, ബബ്ബാർ ഖാൽസ ഇന്റർനാഷണൽ, ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്നിവ ഗൂഢാലോചന നടത്തുന്നുവെന്നാണ് കേസ്. കർഷ സമരത്തിന്റെ മുൻ നിരയിലുള്ള നേതാവ് ബൽദേവ് സിങ് സിർസ, സുരേന്ദർ സിങ് തിക്രിവാൾ, പൽ വിന്ദർ സിങ്, പ്രദീപ് സിങ്, ലോബൽ ജിത് സിങ്, കർണാൽ സിങ് എന്നിവർ നോട്ടീസ് ലഭിച്ചവരിൽ പെടുന്നു.

കലാകാരന്മാർ, ഡ്രൈവർമാർ, മാധ്യമപ്രവർത്തകർ തുടങ്ങി ഒരു ഡസണിലധികം പേർക്കും സമൻസ് ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി 7 വരെ വ്യക്തിപരമായ തിരക്കുകൾ ഉണ്ടെന്നും ഒദ്യോഗികമായി നോട്ടീസ് ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ബൽദേവ് സിങ് സിർസ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ല. കേസിനെ സമരവുമായി അനാവശ്യമായി കൂട്ടിക്കെട്ടുകയാണെന്നും അപകീർത്തിപ്പെടുത്താനുള്ള ശ്രമാണെന്നും കർഷക സംഘടനകൾ പ്രതികരിച്ചു.

കാർഷിക നിയമങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാൻ രൂപീകരിച്ച സമിതിയിലെ നിലവിലെ അംഗങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ ലോക്ശക്തി സുപ്രീംകോടതിയെ സമീപിച്ചു. അംഗങ്ങൾ സർക്കാർ അനുകൂല നിലപാടുകൾ ഉള്ളവരെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. 53ാം ദിവസത്തിലേക്ക് കടന്ന ഡൽഹി അതിർത്തിയിലെ സമരവേദികളിൽ ഉടൻ കൂടുതൽ സമരപ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.