നിയമസഭാ തെരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളിൽ രഥയാത്രയുമായി ബി.ജെ.പി
294 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന രീതിയിലാണ് ഫെബ്രുവരിയിൽ രഥയാത്രകൾ നടത്തുക

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പശ്ചിമ ബംഗാളിൽ പ്രചാരണം ഊർജിതമാക്കാൻ ബി.ജെ.പി. ഇതിന്റെ ഭാഗമായി '' പരിവർത്തനം "എന്ന ആശയത്തിൽ സംസ്ഥാനത്തുടനീളം രഥയാത്രകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. 294 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന രീതിയിലാണ് ഫെബ്രുവരിയിൽ രഥയാത്രകൾ നടത്തുക.
ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും പങ്കെടുത്ത യോഗത്തിൽ പശ്ചിമ ബംഗാൾ സംസ്ഥാന നേതാക്കളുമായി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ ചർച്ച ചെയ്തു. " 294 മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന അഞ്ച് രഥയാത്രകളാണ് പാർട്ടി നടത്തുക. ദേശീയ നേതാക്കളാണ് യാത്രകൾക്ക് നേതൃത്വം നൽകുക. " - പാർട്ടി വക്താവ് പറഞ്ഞു. യാത്രകളുടെ റൂട്ടിന്റെ കാര്യത്തിലും വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിൽ ചുവടുറപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന പാർട്ടി നേതാക്കളെ മറുകണ്ടം ചാടിച്ച് സംസ്ഥാനത്തെ തൃണമൂൽ കോൺഗ്രസിനെ ദുർബലപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. മന്ത്രിമാരടക്കം മുതിർന്ന തൃണമൂൽ നേതാക്കൾ ഇതിനോടകം ബി.ജെ.പിയിൽ ചേർന്നു.
" തന്റെ സംഘത്തെ കൂട്ടിപ്പിടിക്കാനുള്ള ശ്രമത്തിലാണ് മമതാജി. എന്നാൽ കൂടുതൽ പേര് ബി.ജെ.പിയിൽ ചേരുകയാണ്. മുതിർന്ന പല നേതാക്കളുമായും ഞങ്ങൾ ചർച്ചയിലാണ് "- മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷായും നദ്ദയും മാസത്തിൽ രണ്ടു തവണയെങ്കിലും സംസ്ഥാനം സന്ദർശിക്കാനും യോഗത്തിൽ തീരുമാനമായി.