ബാര്‍ക്ക് മുന്‍ സിഇഒ അതീവ ഗുരുതരാവസ്ഥയില്‍, ഐസിയുവില്‍ പ്രവേശിപ്പിച്ചത് അര്‍ണബുമായുള്ള ചാറ്റുകള്‍ പുറത്തുവന്നതിന് പിന്നാലെ
മുംബൈയിലെ ജെജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

ടിആര്‍പി തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ഥോദാസ് ഗുപ്തയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ജെജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
പ്രമേഹ രോഗിയായ പാര്‍ഥോദാസ് ഗുപ്തയെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം പ്രമേഹത്തിനുള്ള മരുന്ന് കഴിക്കാതിരുന്നതാണ് ആരോഗ്യനില മോശമാകാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. തലോജ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയോടെയാണ് ആശുപത്രിയിലെത്തിച്ചത്. ഓക്സിജന്‍ സഹായം നല്‍കുന്നുണ്ട്.
കഴിഞ്ഞ വർഷം ഡിസംബർ 24നാണ് പാര്‍ഥോദാസ് ഗുപ്തയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. റിപബ്ലിക് ചാനലിനും മറ്റ് രണ്ട് ചാനലുകള്‍ക്കും വേണ്ടി ബാര്‍ക്ക് റേറ്റിങില്‍ കൃത്രിമത്വം നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി.
റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോസ്വാമി പാര്‍ഥോദാസ് ഗുപ്തയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യ ടി.വിയിലെ രജത് ശര്‍മ തന്നെ പിന്തുടരുന്നുണ്ടെന്നും പ്രധാനമന്ത്രിയോട് പറഞ്ഞ് തന്നെ രക്ഷിക്കണമെന്നും പാര്‍ഥോ വാട്സ് ആപ്പ് ചാറ്റില്‍ പറയുന്നതായി കാണാം. തന്റെ കത്ത് സമയം കിട്ടുമ്പോള്‍ വായിക്കണമെന്നും അര്‍ണബിനോട് പാര്‍ഥോ പറയുന്നുണ്ട്. പ്രകാശ് ജാവേദ്കറെ കാണുന്നുണ്ട് എന്ന് പറയുമ്പോള്‍ "അയാള്‍ ഒന്നിനും കൊള്ളാത്തവ"നാണെന്നായിരുന്നു പാര്‍ഥോയുടെ മറുപടി.
തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സഹായം ഉറപ്പാക്കാമെന്നും അര്‍ണബ് ചാറ്റില്‍ പറഞ്ഞു. ട്രായിയോടും രജത് ശര്‍മയോടും തങ്ങളുടെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയണമെന്നും താന്‍ ബി.ജെ.പിയേയും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തേയും പല അവസരങ്ങളിലും സഹായിച്ചിട്ടുണ്ടെന്നും പാര്‍ഥോ ചാറ്റില്‍ പറഞ്ഞിട്ടുണ്ട്. ഈ ചാറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് പാര്‍ഥോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.