ഉവൈസി ബീഹാറില്‍ സഹായിച്ചു, യു.പിയിലും ബംഗാളിലും സഹായിക്കുമെന്ന് സാക്ഷി മഹാരാജ്
ബംഗാളിലെ 110 നിയമസഭ സീറ്റുകളുടെ വിധി നിർണയിക്കുന്നതിൽ മുസ്ലിം സമുദായം നിർണായക ഘടകമാണ്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) അസദുദ്ദിൻ ഉവൈസി ബി.ജെ.പിയെ ജയം നേടാന്‍ സഹായിച്ചെന്ന് പാര്‍ട്ടി എംപി സാക്ഷി മഹാരാജ്. ബംഗാളിലും ഉത്തര്‍ പ്രദേശിലും സമാനമായ വിധത്തില്‍ ഉവൈസി ബി.ജെ.പിയെ സഹായിക്കുമെന്ന് സാക്ഷിമഹാരാജ് പറഞ്ഞു.
'' ബിഹാറില്‍ അദ്ദേഹം നമ്മളെ സഹായിച്ചു. ദൈവത്തിന്റെ അനുഗ്രഹമാണത്. ദൈവം അദ്ദേഹത്തിന് കൂടുതല്‍ ശക്തി നല്കട്ടെ. . യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം സഹായിക്കും. ബംഗാളിലും അദ്ദേഹത്തിന്റെ സഹായമുണ്ടാവും'' സാക്ഷി മഹാരാജ് പറഞ്ഞു.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി ബംഗാള്‍ സന്ദര്‍ശിച്ചിരുന്നു. ഹൂഗ്ലി ഫുർഫുറ ശരീഫിലെത്തിയ അദ്ദേഹം മതനേതാവായ അബ്ബാസ് സിദ്ദീഖിയുമായി ചർച്ച നടത്തി. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ വിജയിച്ചതോടെ ബംഗാളിലും എ.ഐ.എം.ഐ.എം മത്സരിക്കുമെന്ന് ഉവൈസി വ്യക്തമാക്കിയിരുന്നു.
ബംഗാളിലെ 110 നിയമസഭ സീറ്റുകളുടെ വിധി നിർണയിക്കുന്നതിൽ മുസ്ലിം സമുദായം നിർണായക ഘടകമാണ്. ഈ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉവൈസിയുടെ തീരുമാനം. ഉവൈസിയുടെ സന്ദർശനത്തോട് തൃണമൂൽ കോൺഗ്രസ് രൂക്ഷമായാണ് പ്രതികരിച്ചത്.