ദിവസവും ഒരു ഗ്ലാസ് രസം കഴിച്ചാല്‍ കൊറോണ വൈറസ് ചാകും; വൈറലായി തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന
ഞാന്‍ ദിവസവും രസം കുടിക്കും. എവിടെ പോയാലും രസം കുടിക്കുന്നത് മുടക്കില്ല

ദിവസവും അര ഗ്ലാസോ ഒരു ഗ്ലാസോ രസം കഴിച്ചാല്‍ കൊറോണ് വൈറസ് ചാകുമെന്ന പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി രാജേന്ദ്ര ബാലാജി. ''നിങ്ങളുടെ മെനുവില്‍ രസവും സാമ്പാറും ഭാഗമാക്കുക. അര ക്ലാസോ ഒരു ക്ലാസോ രസം ദിവസവും കുടിക്കുക. കൊറോണ വൈറസ് ചത്തുപോകും, അല്ലെങ്കില്‍ ഓടിപ്പോകും. ഞാന്‍ ദിവസവും രസം കുടിക്കും. എവിടെ പോയാലും രസം കുടിക്കുന്നത് മുടക്കില്ല” – രാജേന്ദ്ര ബാലാജി പറഞ്ഞു. ചൊവ്വാഴ്ച നടന്ന ഒരു പരിപാടിയിലാണ് ബാലാജി വിചിത്രമായ അവകാശവാദവുമായി രംഗത്തെത്തിയത്. ബാലാജിയുടെ പ്രസംഗം കേട്ട് കൂടിനിന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
കോവിഡ് -19നെ പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടികൾ സ്വീകരിച്ചതിന് തന്റെ സർക്കാരിനെ പ്രശംസിച്ച ബാലാജി കോവിഡിനെ നേരിടാൻ തമിഴ്നാട്ടിലെ ജനങ്ങളുടെ ഭക്ഷണരീതി സഹായിക്കുന്നുവെന്ന് പറഞ്ഞു. കോവിഡ് വ്യാപനം തടയാന്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കടുത്ത നടപടികള്‍ എടുത്തിട്ടുണ്ട്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മരണനിരക്ക് കുറവായിരുന്നു. നമ്മള് കഴിക്കുന്ന ഭക്ഷണം അത്തരത്തിലുള്ളതാണ്. മഞ്ഞള്‍ വെള്ളം ഉപയോഗിച്ച് നമ്മള് കുളിക്കുന്നു. ഇഞ്ചിയും കുരുമുളകും പോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു...ബാലാജി പറഞ്ഞു. ജനുവരി 16 മുതൽ ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷൻ വിതരണം ആരംഭിക്കാൻ ഇന്ത്യ ഒരുങ്ങുന്ന സമയത്താണ് തമിഴ്നാട് മന്ത്രി വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.