'ശ്രീകൃഷ്ണ ബീഫ് സ്റ്റാൾ; ഹലാൽ മാംസം ലഭിക്കും'; സമൂഹമാധ്യമങ്ങളിൽ വൈറലായി തമിഴ്നാട്ടിലെ കട
പ്രതിഷേധം ഉയർന്നതിനെ ചൊല്ലി കടയുടെ ബോർഡ് എടുത്തു കളഞ്ഞതായി ഹിന്ദു മക്കൾ കക്ഷി ട്വിറ്ററിലൂടെ അറിയിച്ചു

ബീഫും ഹലാലും ഉപയോഗിച്ച് സമൂഹത്തിൽ വിഭജനം നടത്തുന്നതിനുള്ള ശ്രമങ്ങൾ സംഘ്പരിവാർ അടക്കമുള്ള കക്ഷികൾ നടത്തുന്നതിനിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി ശ്രീകൃഷ്ണ ബീഫ് സ്റ്റാൾ. തമിഴ്നാട്ടിൽ കെ. കണ്ണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബീഫ് സ്റ്റാളിനാണ് ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വൻ പ്രചാരം ലഭിച്ചിരിക്കുന്നത്.
'ഹലാൽ രീതിയിൽ അറുക്കപ്പെട്ട മാംസം ലഭിക്കും' എന്ന പരസ്യവാചകം സഹിതമുള്ള കടയുടെ ബോർഡാണ് കൗതുകമുണർത്തുന്നത്. 'ഹലാൽ' വിഭവങ്ങൾക്കെതിരായ പ്രചാരണം കേരളത്തിലും ശക്തമാക്കാൻ വിവിധ കേന്ദ്രങ്ങൾ ശ്രമിക്കുന്നതിനിടെയാണ് ദക്ഷിണേന്ത്യയുടെ ഭക്ഷ്യവൈവിധ്യവും സൗഹാർദവും സാക്ഷ്യപ്പെടുത്തുന്ന കടയുടെ ചിത്രം പ്രചരിച്ചത്. എന്നാല്‍, പ്രതിഷേധങ്ങളെ തുടർന്ന് കടയുടെ ബോർഡ് എടുത്തുമാറ്റിയതായി ഹിന്ദു മക്കൾ കക്ഷി പറഞ്ഞു.

കൃസ്ത്യൻ, ഹിന്ദു, മുസ്ലിം മതങ്ങളെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളും മുൻ തമിഴ്നാട് മുഖ്യമന്ത്രിമാരായ എം.ജി ആർ, ജയലളിത എന്നിവരുടെ ഫോട്ടോകളും അടങ്ങുന്നതാണ് ബീഫ് സ്റ്റാളിന്റെ ഡിസ്പ്ലേ ബോർഡ്. ഇതിനൊപ്പം കടയുടമ കെ. കണ്ണന്റെ മാതാപിതാക്കളുടേതെന്നു കരുതപ്പെടുന്ന ഫോട്ടോകളുമുണ്ട്. തമിഴിലും ഇംഗ്ലീഷിലും 'ശ്രീകൃഷ്ണ ബീഫ് സ്റ്റാൾ' എന്നെഴുതിയതിനു താഴെയാണ് 'ഞങ്ങളുടെ അടുക്കൽ ഹലാൽ രീതിയിൽ അറുക്കപ്പെട്ട മാട്ടിറച്ചി ഓർഡർ പ്രകാരം ലഭിക്കും' എന്ന് തമിഴിൽ എഴുതിയിരിക്കുന്നത്. ബോർഡിൽ രണ്ട് കാളകളുടെ ചിത്രവും ചേർത്തിട്ടുണ്ട്.
ബോർഡിൽ കടയുടെ സ്ഥലപ്പേര് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും നൽകിയിരിക്കുന്ന ബി.എസ്.എൻ.എൽ, വി.ഐ ഫോൺ നമ്പറുകൾ തമിഴ്നാട് സർക്കിളിലേതാണ്. ഈ നമ്പറുകളില്‍ ബന്ധപ്പെടാൻ മീഡിയവൺ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
'കംഗ്ലേപാക് മിറർ' എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ബീഫ് സ്റ്റാളിന്റെ ചിത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പഞ്ചർവാല, ഗോമാതാ ദി ഹോളികൗ, ബാബാ മാചുവേര സിങ് തുടങ്ങിയ ട്രോൾ, പാരഡി പേജുകളിലും ഇത് പ്രത്യക്ഷപ്പെട്ടു. മുസ്ലിംകൾ അല്ലാത്തവർ ഹലാൽ മാംസശാലകൾ നടത്തുന്നത് ദക്ഷിണേന്ത്യയിൽ അപൂർവമല്ലെന്നും മതങ്ങൾക്കപ്പുറത്തുള്ള സൗഹൃദം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാരമ്പര്യമാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
അതേസമയം, ബീഫ് സ്റ്റാളിന് ശ്രീകൃഷ്ണ എന്ന പേര് നൽകിയതിനെതിരെയും സോഷ്യൽ മീഡിയയിൽ പലരും രംഗത്തുവന്നിട്ടുണ്ട്. കടയുടമയായ കെ. കണ്ണൻ ക്രിസ്തുമതത്തിലേക്ക് മതംമാറിയ ആളാണെന്ന പ്രചരണവും നടത്തുന്നുണ്ട്. എന്നാൽ, ഈ കടയെയും കടയുടമയെയും സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
അതേസമയം, പ്രതിഷേധം ഉയർന്നതിനെ ചൊല്ലി കടയുടെ ബോർഡ് എടുത്തു കളഞ്ഞതായി ഹിന്ദു മക്കൾ കക്ഷി ട്വിറ്ററിലൂടെ അറിയിച്ചു. ബോർഡില്ലാത്ത കടയുടെ ചിത്രത്തോടൊപ്പമാണ് ഹിന്ദുമക്കള്‍ കക്ഷി (ഇന്തു മക്കൾ കച്ചി) നേതാവ് തിരു അർജുൻ സമ്പത്തിന്റെ ട്വീറ്റ്.