വ്യഭിചാരം സായുധ സേനയില്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
വ്യഭിചാരം പുരുഷന്മാർക്ക് ശിക്ഷാർഹമായ കുറ്റമാക്കി മാറ്റുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ആം വകുപ്പ് 2018 സെപ്തംബറിൽ സുപ്രിം കോടതി ഏകകണ്ഠമായി തടഞ്ഞിരുന്നു

സായുധ സേനയില്‍ വ്യഭിചാരം ഒരു കുറ്റമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ പരിഗണിക്കാനൊരുങ്ങി സുപ്രിം കോടതി. 2018ല്‍ വ്യഭിചാരം കുറ്റമല്ലെന്ന സുപ്രിം കോടതി വിധി ഇക്കാര്യത്തില്‍ ബാധകമാകരുതെന്നും കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു.
വ്യഭിചാരം പുരുഷന്മാർക്ക് ശിക്ഷാർഹമായ കുറ്റമാക്കി മാറ്റുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ആം വകുപ്പ് 2018 സെപ്തംബറിൽ സുപ്രിം കോടതി ഏകകണ്ഠമായി തടഞ്ഞിരുന്നു. 158 വർഷം പഴക്കമുള്ള നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ആർട്ടിക്കിൾ 21 (ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും) ആർട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം) തെറ്റാണെന്നും സുപ്രിം കോടതിയുടെ അഞ്ച് അംഗ ബെഞ്ച് നാല് വ്യത്യസ്ത വിധികളിലായി പറഞ്ഞു.
ഭാര്യ വ്യഭിചാരം ചെയ്ത പുരുഷനെതിരെ കുറ്റങ്ങൾ ചുമത്താൻ ഭർത്താവിനെ അനുവദിക്കുന്ന സിആർപിസിയിലെ സെക്ഷൻ 198 (1), 198 (2) എന്നിവയും സുപ്രിംകോടതി ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. വിവാഹ വിയോഗം ഉൾപ്പെടെയുള്ള സിവിൽ പ്രശ്നങ്ങൾക്ക് വ്യഭിചാരം കാരണമാകുന്ന പക്ഷം അതൊരു കുറ്റമായി കണക്കാക്കാമെങ്കിലും അത് ഒരിക്കലും ഒരു ക്രിമിനൽ കുറ്റമായിരിക്കില്ലെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കറുമായി യോജിച്ച് വിധി പ്രസ്താവിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.