LiveTV

Live

National

വിദഗ്ധ സമിതിക്ക് മുൻപില്‍ ഹാജരാകില്ല; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

സമിതി രൂപീകരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് കർഷക സംഘടനകള്‍.

വിദഗ്ധ സമിതിക്ക് മുൻപില്‍ ഹാജരാകില്ല; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

കാർഷിക നിയമങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിക്ക് മുൻപാകെ കർഷകർ ഹാജരാകില്ല. സമിതി രൂപീകരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്ന് കർഷക സംഘടനകള്‍. തുടർനീക്കങ്ങള്‍ക്കായി സിംഗുവില്‍ കർഷക സംഘടനകളുടെ നേതാക്കൾ 12 മണിക്ക് യോഗം ചേരും.

രാജ്യവ്യാപകമായി എല്ലാ വില്ലേജുകളിലും ഇന്ന് കാർഷിക നിയമങ്ങളുടെ പകർപ്പ് കത്തിച്ച് പ്രതിഷേധിക്കും. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയെ കർഷക സംഘടനകൾ തള്ളി. നിയമത്തെ പിന്തുണക്കുന്നവരെ സമിതിയിൽ ഉൾപ്പെടുത്തിയതിലും പ്രതിഷേധം രേഖപ്പെടുത്തി. സമിതി രൂപീകരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. സമിതിക്ക് പിന്നില്‍ കേന്ദ്രമായതിനാല്‍ സമിതിക്ക് മുൻപാകെ ഹാജരാകില്ല എന്നാണ് പ്രതികരണം. ഒപ്പം സമരം ശക്തമാക്കും.

ജനുവരി 18ന് വനിതകളുടെ രാജ്യ വ്യാപക പ്രതിഷേധവും റിപബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡും നടത്തും. ട്രാക്ടർ പരേഡ് അനുവദിക്കരുതെന്ന ഡൽഹി പൊലീസിന്‍റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് ചേരുന്ന കർഷക സംഘടനാ നേതാക്കളുടെ യോഗം ഇക്കാര്യവും ചർച്ച ചെയ്യും.

സമരത്തിന്‍റെ ഭാഗമാകാൻ കേരളത്തിൽ നിന്നും കിസാൻ സഭയുടെ നേതൃത്വത്തിൽ പുറപ്പെട്ട കർഷകർ നാളെ ഷാജഹാൻപൂർ അതിർത്തിയിലെത്തും. കാർഷിക നിയമങ്ങൾക്ക് രേഖാമൂലം പിന്തുണ നൽകിയ വ്യക്തികളെ ഉള്‍പ്പെടുത്തിയ സമിതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

നിയമങ്ങള്‍ നടപ്പാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും കോടതി വിധി സർക്കാർ താൽപര്യത്തിന് എതിരാണെന്നും കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി പ്രതികരിച്ചു. കോടതി വിധി മാനിക്കുന്നു എന്നും വിദഗ്ധ സമിതി നിർദേശങ്ങൾ സർക്കാർ അംഗീകരിക്കുമെന്നും കൈലാഷ് ചൗധരി പറഞ്ഞു.