'ഞാന്‍ സ്ത്രീയാണ്, വൃദ്ധയാണ്, ന്യായമെന്ന് തോന്നുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കുക തന്നെ ചെയ്യും': ചീഫ് ജസ്റ്റിസിനോട് ഇന്ദിര ജെയ്സിങ്
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ പരാമര്‍ശത്തിനെതിരെ അഭിഭാഷക ഇന്ദിര ജെയ്സിങ്

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന പ്രായമായവരും കുട്ടികളും സ്ത്രീകളും തിരികെ പോകണമെന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ പരാമര്‍ശത്തിനെതിരെ അഭിഭാഷക ഇന്ദിര ജെയ്സിങ്. ട്വീറ്റിലാണ് ഇന്ദിര ജെയ്സിങ് മറുപടി നല്‍കിയത്.
ചീഫ് ജസ്റ്റിസ്, ഞാന്‍ സ്ത്രീയാണ്. ഞാന്‍ 'വൃദ്ധ'യാണ്. ഞാന്‍ അഭിഭാഷകയാണ്. ന്യായമെന്ന് തോന്നുന്ന പ്രതിഷേധങ്ങളില്‍ ഞാന്‍ പങ്കെടുക്കുക തന്നെ ചെയ്യും.ഇന്ദിര ജെയ്സിങ്
ഇന്നലെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സമരം ചെയ്യുന്ന പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരോട് വീടുകളിലേക്ക് മടങ്ങി പോകാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടുവെന്ന് പറയാൻ കർഷകരുടെ അഭിഭാഷകരെ ചുമതലപ്പെടുത്തുകയായിരുന്നു. ഈ പരാമര്‍ശത്തോടുള്ള പ്രതിഷേധമാണ് ഇന്ദിര ജെയ്സിങ് രേഖപ്പെടുത്തിയത്.
കാര്‍ഷിക നിയമം പാസ്സാക്കുന്നതിന് മുൻപ് മതിയായ കൂടിയാലോചനകൾ സർക്കാർ നടത്തിയില്ലെന്ന് കോടതി ഇന്നലെ വിമർശിച്ചു. മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരുമായുള്ള ചർച്ചയിൽ സമവായം ഉണ്ടാക്കാത്തതിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസിൽ വാദം കേട്ട് തുടങ്ങിയത്. നിയമം തത്കാലത്തേക്ക് മരവിപ്പിച്ചു കൊണ്ട് ചർച്ചകൾ നടത്തിക്കൂടെ എന്ന് കോടതി ചോദിച്ചു. എന്നാൽ അത് അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല. വിഷയം ചർച്ച ചെയ്യാൻ ഉന്നതതല സമിതി വേണമെന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇക്കാര്യത്തില്‍ ഇന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.